ഡെംപോയെ സാല്‍ഗോക്കര്‍ ഞെട്ടിച്ചു
Posted on: 15 Mar 2010
ഐ ലീഗ്: എയര്‍ഇന്ത്യക്ക് ജയം
മഡ്ഗാവ്: മുന്‍ ചാമ്പ്യന്മാരായ ഡെംപോയ്ക്ക് ഐ ലീഗില്‍ വീണ്ടും തിരിച്ചടി. ഗോവന്‍ ടീമുകള്‍ തമ്മില്‍ നടന്ന കളിയില്‍ താഴെ തട്ടിലുള്ള സാല്‍ഗോക്കറാണ് ഡെംപോയെ ഞെട്ടിച്ചത് (3-2). മുംബൈയില്‍ മറ്റൊരു കളിയില്‍ എയര്‍ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് പുണെ എഫ്‌സിയെ തോല്പിച്ചു. ഷില്ലോങ്ങില്‍ ലജോങ്ങിനെ ഗോവ സ്‌പോര്‍ട്ടിങ് ഗോളടിക്കാതെ പിടിച്ചുകെട്ടി.
ആവേശകരമായ പോരാട്ടത്തിലാണ് സാല്‍ഗോക്കര്‍ മൂന്ന് തവണ ചാമ്പ്യന്മാരായ ഡെംപോയെ തോല്പിച്ചത്. തുടരെ രണ്ടാം തോല്‍വിയോടെ ഡെംപോ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോഴിക്കോട്ട് വിവയോടും ഗോവന്‍ ടീം തോറ്റിരുന്നു. റാന്റി മാര്‍ട്ടിന്‍സിന്റെ 33-ാം മിനിറ്റ് ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് ഡെംപോ കീഴടങ്ങിയത്. ബ്രസീല്‍ താരം ലുസിയാനൊ (37), എകേനെ ഇകെന്‍വ (41, 66) എന്നിവരാണ് സാല്‍ഗോക്കറിന്റെ ഗോളുകള്‍ നേടിയത്. ഇന്ത്യന്‍ താരം അന്‍വര്‍ അലിയാണ് 60-ാം മിനിറ്റില്‍ ഡെംപോയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. ഡെംപോയ്ക്ക് 16 കളികളില്‍നിന്ന് 29 പോയന്റാണുള്ളത്. 18 പോയന്റുള്ള സാല്‍ഗോക്കര്‍ 11-ാം സ്ഥാനത്താണ്.
പുണെ എഫ്‌സിക്കെതിരെ രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ കൈലേഷ് പാട്ടീലാണ് എയര്‍ ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. തുടരെ ഏഴു കളികള്‍ ജയിച്ച് മുന്നേറുകയായിരുന്ന പുണെ ടീമിന്റെ കുതിപ്പിന് തടയിടാന്‍ എയര്‍ ഇന്ത്യക്കായി.
കളിയില്‍ മേധാവിത്വമുണ്ടായിട്ടും സ്വന്തം കാണികളുടെ മുന്നില്‍ ഗോള്‍ നേടാന്‍ ലജോങ്ങിന് കഴിഞ്ഞില്ല. സ്‌പോര്‍ട്ടിങ്ങിന്റെ എട്ടാം സമനിലയാണിത്. ഇതുവരെ ലീഗില്‍ ഒറ്റ ജയവും നേടിയിട്ടില്ലാത്ത സ്‌പോര്‍ട്ടിങ് തരംതാഴ്ത്തപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി.