ജയം, മാഞ്ചസ്റ്റര്‍ മുന്നില്‍
Posted on: 15 Mar 2010
ലണ്ടന്‍: സീസണിലെ ലീഗ് ഗോള്‍ നേട്ടം 25 ആക്കി ഉയര്‍ത്തിയ വെയ്ന്‍ റൂണിയുടെ മികവില്‍ ഫുള്ളാമിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ തലപ്പത്തെത്തി. രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്ററിന്റെ മൂന്നുഗോളും പിറന്നത്. 46, 84 മിനിറ്റുകളിലായി റൂണി തന്റെ ഇരട്ട ഗോള്‍ നേട്ടം കൈവരിച്ചപ്പോള്‍, 89-ാം മിനിറ്റില്‍ ദിമിത്തര്‍ ബെര്‍ബറ്റോവിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
മറ്റൊരു കളിയില്‍ ഇരട്ടഗോളോടെ ദിദിയര്‍ ദ്രോഗ്ബ മിന്നിയപ്പോള്‍ ചെല്‍സിക്ക് വമ്പന്‍ ജയം. സ്റ്റാംഫോഡ് ബ്രിഡ്ജില്‍ വെസ്റ്റ് ഹാമിനെയാണ് നീലപ്പട തകര്‍ത്തത് (4-1). നിക്കളാസ് ബെന്റ്‌നറുടെ അവസാന മിനിറ്റ് ഗോളില്‍ ഹള്‍സിറ്റിയെ മറികടന്ന് ആഴ്‌സനലും കിരീടപോരാട്ടത്തില്‍ തിരിച്ചെത്തി.
കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ കനത്ത തോല്‍വിയുടെ (4-2) ആഘാതത്തില്‍നിന്ന് കരകയറിയ പ്രകടനമായിരുന്നു ചെല്‍സിയുടേത്. എന്നാല്‍ ഒന്നാം പകുതിയില്‍ ആതിഥേയരെ പിടിച്ചുകെട്ടാന്‍ വെസ്റ്റ്ഹാമിനായി. അലക്‌സിന്റെ 16-ാം മിനിറ്റ് ഗോളില്‍ ചെല്‍സി ലീഡ് നേടിയെങ്കിലും സ്‌കോട്ട്പാര്‍ക്കര്‍ 30-ാം മിനിറ്റില്‍ സന്ദര്‍ശകര്‍ക്ക് സമനില നല്‍കി.
രണ്ടാംപകുതിയില്‍ 56-ാം മിനിറ്റില്‍ ദ്രോഗ്ബ ടീമിനെ മുന്നിലെത്തിച്ചു. ഫോമില്‍ തിരിച്ചെത്തിയ ഫ്‌ളോറന്റ്മലൂദ 77-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ചെല്‍സി ലീഡ് വര്‍ധിപ്പിച്ചു. 90-ാം മിനിറ്റിലാണ് ദ്രോഗ്ബ രണ്ടാം ഗോളടിച്ചത്.
ചാമ്പ്യന്‍സ്‌ലീഗ് രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ചൊവ്വാഴ്ച ഇന്റര്‍മിലാനെ സ്വന്തം തട്ടകത്തില്‍ നേരിടുന്ന ചെല്‍സിക്ക് ജയം ആശ്വാസം പകരുന്നതാണ്. ആദ്യ പാദത്തില്‍ മിലാന്‍ ടീം 2-1ന് ജയിച്ചിരുന്നു.
എഫ്.സി. പോര്‍ട്ടോയ്‌ക്കെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേടിയ ബെന്റ്‌നര്‍ ഒരിക്കല്‍ക്കൂടി ആഴ്‌സനലിന്റെ രക്ഷകനായി. കളി 1-1 എന്ന നിലയില്‍ സമനിലയിലേക്ക് നീങ്ങുമ്പോഴാണ് 90-ാം മിനിറ്റില്‍ ബെന്റ്‌നര്‍ ഹള്ളിനെതിരെ വിജയഗോള്‍ കുറിച്ചത്. റഷ്യന്‍താരം ആന്ദ്രെ അര്‍ഷാവിന്‍ 14-ാം മിനിറ്റില്‍ ആഴ്‌സനലിനെ മുന്നിലെത്തിച്ചിരുന്നെങ്കിലും പെനാല്‍ട്ടി ഗോളിലൂടെ ബുല്ലാര്‍ഡ് ഹള്ളിന് സമനില നല്‍കി.
റഷ്യന്‍താരം റൊമാന്‍ പാവ്‌ലുച്ചെങ്കോയുടെ ഇരട്ട ഗോള്‍ മികവില്‍ ബ്ലാക്ക്‌ബേണിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മറികടന്ന് ടോട്ടനം പട്ടികയില്‍ നാലാമതെത്തി. മറ്റു കളികളില്‍ ബോള്‍ട്ടന്‍ വീഗനെയും (4-0) വോള്‍വ്‌സ് ബേണ്‍ലിയെയും (2-1) തോല്പിച്ചു. ആസ്റ്റണ്‍വില്ലയും സ്റ്റോക്ക്‌സിറ്റിയും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു.
മാഞ്ചസ്റ്ററിന് 30 കളികളില്‍നിന്ന് 66 പോയന്റായി. 29 കളികളില്‍നിന്ന് 64 പോയന്റുള്ള ചെല്‍സി രണ്ടാം സ്ഥാനത്തും 30 കളികളില്‍ 64 പോയന്റുള്ള ആഴ്‌സനല്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.