IST:


ഹോം   വാര്‍ത്തകള്‍  

കൊല്‍ക്കത്ത റോക്‌സ്
Posted on: 15 Mar 2010


കൊല്‍ക്കത്ത: ചാമ്പ്യന്മാര്‍ക്ക് പിന്നാലെ റണ്ണറപ്പുകളെയും വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടരെ രണ്ടാം വിജയത്തോടെ ഐ.പി.എല്ലില്‍ കുതിപ്പു തുടങ്ങി. ഉദ്ഘാടനദിവസം ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെ കടുത്ത മത്സരത്തിലാണ് കീഴടക്കിയതെങ്കില്‍, ഞായറാഴ്ച ഈഡന്‍ ഗാര്‍ഡനില്‍ അനായാസമാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ സൗരവ് ഗാംഗുലിയും കൂട്ടരും കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 135 റണ്‍സില്‍ ഒതുക്കിയ കൊല്‍ക്കത്ത, 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ആദ്യമത്സരത്തില്‍ ആദ്യപന്തില്‍ പുറത്തായ മനോജ് തിവാരി ഇവിടെ, 29 പന്തില്‍ ആറ് ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 50 റണ്‍സെടുത്ത് ടീമിന്റെ വിജയശില്പിയും മാന്‍ ഓഫ് ദ മാച്ചുമായി.

കഴിഞ്ഞ രണ്ടു സീസണുകളിലും നിരാശപ്പെടുത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാവില്ല ഇക്കുറിയെന്ന് വിശ്വസിപ്പിക്കുന്ന പ്രകടനമാണ് ഞായറാഴ്ച തിങ്ങിനിറഞ്ഞ ഈഡനില്‍ അവര്‍ പുറത്തെടുത്തത്. തുടരെ രണ്ടാം മത്സരത്തിലും എയ്ഞ്ചലോ മാത്യൂസിന്റെ മികവ് കൊല്‍ക്കത്തയെ വേറിട്ടുനിര്‍ത്തി. ഇക്കുറി ബൗളിങ്ങില്‍, നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റെടുത്ത ശ്രീലങ്കന്‍ ഓള്‍റൗണ്ടറുടെ മികവാണ് ബാംഗ്ലൂരിന്റെ ബാറ്റിങ്ങിനെ നിയന്ത്രിച്ചത്. അപകടകാരിയായ മനീഷ് പാണ്ഡെ(0), രാഹുല്‍ ദ്രാവിഡ്(21), റോബിന്‍ ഉത്തപ്പ (20), റോള്‍ഫ് വാന്‍ഡെര്‍ മെര്‍വെ(1) എന്നിവരാണ് എയ്ഞ്ചലോയുടെ ഇരകള്‍. മുന്‍നിരയുടെ തകര്‍ച്ചയിലും പിടിച്ചുനില്‍ക്കുകയും ഇന്നിങ്‌സിലുടനീളം ബാറ്റേന്തുകയും ചെയ്ത ജാക്ക് കാലിസാണ് ബാംഗ്ലൂരിനു രക്ഷകനായത്. 52 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താകാതെ 65 റണ്‍സെടുത്ത കാലിസിന്റെ പ്രകടനം മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ തലയുയര്‍ത്തിനിന്നത്. നന്നായി ബാറ്റ് ചെയ്തുവന്ന ദ്രാവിഡും ഉത്തപ്പയും എയ്ഞ്ചലോയ്ക്കു കീഴടങ്ങിയതോടെ അവരുടെ പോരാട്ടത്തിന്റെ മുനയൊടിയുകയും ചെയ്തു.

ചെറിയ വിജയലക്ഷ്യം കിട്ടിയതിലുള്ള സന്തോഷം, കഴിഞ്ഞ മത്സരം നല്‍കിയ ആത്മവിശ്വാസം- കൊല്‍ക്കത്തയുടെ പ്രകടനത്തില്‍ ഇതുരണ്ടും പ്രകടമായിരുന്നു. ഓപ്പണര്‍മാരായ ബ്രാഡ് ഹോഡ്ജും മനോജ് തിവാരിയും തുടക്കം മുതല്‍തന്നെ ആഞ്ഞടിച്ചു. ഓട്ടത്തിനിടെ കാലില്‍ പേശിവലിവനുഭവപ്പെട്ട മനോജ് തിവാരി പിന്നീട് കൂടുതല്‍ അപകടകാരിയായി. കാലിസെറിഞ്ഞ നാലാം ഓവറില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമടിച്ച തിവാരി അടുത്ത ഓവറില്‍ ഡെയ്ല്‍ സ്‌റ്റെയ്‌നെയും സിക്‌സറിനു പറത്തി. ഈ ഓവറില്‍ ഹോഡ്ജും സ്‌റ്റെയ്‌നെ രണ്ടുതവണ അതിര്‍ത്തി കടത്തി. അടുത്ത ഓവറില്‍ കുംബ്ലെയെ രണ്ടുതവണ ബൗണ്ടറികടത്തിയ തിവാരി കൊല്‍ക്കത്തയ്ക്ക് വിജയമുറപ്പിച്ച അടിത്തറയിട്ടു.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തക്കാര്‍ ഈഡനില്‍ സ്ഥാപിച്ചത്. വാന്‍ഡെര്‍ മെര്‍വെയുടെ കൈകളിലേക്ക് പന്തടിച്ചുകൊടുത്ത് തിവാരി മടങ്ങുമ്പോള്‍ കൊല്‍ക്കത്ത സ്‌കോര്‍ 101-ലെത്തിയിരുന്നു. തൊട്ടുപിന്നാലെ അര്‍ധസെഞ്ച്വറി കണ്ടെത്തിയ ഹോഡ്ജും (50) മടങ്ങി.

സ്‌കോര്‍ബോര്‍ഡ്


റോയല്‍ ചാലഞ്ചേഴ്‌സ്


കാലിസ് നോട്ടൗട്ട് 65, ശ്രീവല്‍സ് ഗോസ്വാമി സി ഇഷാന്ത് ബി ലാംഗ്‌വെല്‍റ്റ് 8, മനീഷ് പാണ്ഡെ ബി എയ്ഞ്ചലോ 0, വിരാട് കോലി സി എയ്ഞ്ചലോ ബി കാര്‍ത്തിക് 2, മോര്‍ഗന്‍ ബി കാര്‍ത്തിക് 10, രാഹുല്‍ ദ്രാവിഡ് ബി എയ്ഞ്ചലോ 21, റോബിന്‍ ഉത്തപ്പ സി സാഹ ബി എയ്ഞ്ചലോ 20, വാന്‍ഡെര്‍ മെര്‍വെ സി ഹോഡ്ജ് ബി എയ്ഞ്ചലോ 1, പ്രവീണ്‍കുമാര്‍ നോട്ടൗട്ട് 3, എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ ഏഴിന് 135. വിക്കറ്റ് വീഴ്ച: 1-15, 2-17, 3-20, 4-35, 5-73, 6-110, 7-112. ബൗളിങ്: ലാംഗ്‌വെല്‍റ്റ് 4-0-27-1, ഇഷാന്ത് 4-0-27-0, എയ്ഞ്ചലോ മാത്യൂസ് 4-0-19-4, മുരളി കാര്‍ത്തിക് 4-0-22-2, ഹോഡ്ജ് 1-0-11-0, ഗാംഗുലി 2-0-18-0, രോഹന്‍ ഗാവസ്‌കര്‍ 1-0-8-0.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ബ്രാഡ് ഹോഡ്ജ് സി മനീഷ് പാണ്ഡെ ബി വാന്‍ഡെര്‍ മെര്‍വെ 50, മനോജ് തിവാരി സി ആന്‍ഡ് ബി വാന്‍ഡെര്‍ മെര്‍വെ 50, ഗാംഗുലി സി മോര്‍ഗന്‍ ബി പ്രവീണ്‍ കുമാര്‍ 23, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 5, ഒവൈസ് ഷാ നോട്ടൗട്ട് 2, എക്‌സ്ട്രാസ് 6, ആകെ 19.2 ഓവറില്‍ മൂന്നിന് 136. വിക്കറ്റ് വീഴ്ച: 1-101, 2-112, 3-133. ബൗളിങ്: പ്രവീണ്‍ കുമാര്‍ 4-0-16-1, കാലിസ് 3-0-34-0, ഡെയ്ല്‍ സ്റ്റെയ്ന്‍ 4-0-38-0, അനില്‍ കുംബ്ലെ 4-0-19-0, വാന്‍ഡെര്‍ മെര്‍വെ 4-0-29-2, വിരാട് കോലി 0.2-0-1-0.
SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.