തൃശ്ശൂര് കേന്ദ്രമാക്കി എഫ്.സി. കേരള വരുന്നു
Posted on: 10 Mar 2010
ഡി. ഷൈജുമോന്
കൊച്ചി: തൃശ്ശൂര് ജില്ലയിലെ ഇരിങ്ങാലക്കുട ആസ്ഥാനമാക്കി കേരളകായിക ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോള് വികസന പദ്ധതി യാഥാര്ഥ്യമാവുന്നു. എഫ്.സി. കേരള എന്ന പേരില് പുതിയ പ്രൊഫഷണല് ക്ലബാണ് ഇരിങ്ങാലക്കുടയ്ക്കടുത്ത് വെള്ളിക്കുളങ്ങരയെന്ന ഗ്രാമത്തില് നിന്നു പ്രൊഫഷണല് ഫുട്ബോളിലേക്കിറങ്ങുന്നത്.
ഫുട്ബോള് അക്കാദമി, ക്ലബ് ഹൗസ്, ഗോള്ഫ് കോഴ്സ്, സ്വിമ്മിങ്പൂള്, ആധുനിക സൗകര്യങ്ങളുള്ള ഫുട്ബോള് സ്റ്റേഡിയം തുടങ്ങിയവ അടക്കം വമ്പന് സ്പോര്ട്സ് സൗകര്യങ്ങളാണ് വെള്ളിക്കുളങ്ങരയിലേക്കെത്തുക.
കേരള ഫുട്ബോള് അസോസിയേഷനില് പുതിയ ക്ലബ് രജിസ്റ്റര് ചെയ്തു കഴിഞ്ഞു. തൃശ്ശൂര് ജില്ലയില് ക്ലബിന്റെ പേരില് 80 ഏക്കര് സ്ഥലവും വാങ്ങി. ഇതിന്റെയും രജിസ്ട്രേഷന് പൂര്ത്തിയായി. തൃശ്ശൂരിലെ പ്രമുഖരായ വ്യാപാരികളാണ് എഫ്.സി. കേരളയുടെ മുഖ്യ പ്രമോട്ടര്മാര്.
ടാറ്റാ ഫുട്ബോള് അക്കാദമി (ടി.എഫ്.എ.) മാതൃകയില് രാജ്യത്തെ വമ്പന് ഫുട്ബോള് പരിശീലന അക്കാദമികളോടു കിടപിടിക്കുന്ന കേന്ദ്രമാവും തൃശ്ശൂരിലേത്. കേരള എഫ്.സി. യെന്ന ട്രസ്റ്റിനു കീഴിലാവും ക്ലബും അക്കാദമിയും. 25 ലക്ഷം വീതമാണ് മുഖ്യപ്രമോട്ടര്മാരുടെ വിഹിതം. അഞ്ചു ലക്ഷം വീതമുള്ള ഓഹരികളും ക്ലബ് വിതരണം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളില് നിന്നും ഫുട്ബോള് തത്പരരായ ഓഹരിയുടമകളെ കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോള് നടക്കുന്നത്. ഓരോരുത്തരില് നിന്നും രണ്ടു ലക്ഷം രൂപ വീതം ഈടാക്കിയുള്ള സാധാരണ മെമ്പര്ഷിപ്പും നല്കുന്നുണ്ട്.
സമ്പൂര്ണ പ്രൊഫഷണല് ക്ലബായി അരങ്ങേറാനാണ് എഫ്.സി. കേരളയുടെ തയ്യാറെടുപ്പ്. പ്രൊഫഷണല് ഫുട്ബോളര്മാരെ ക്ലബില് കളിക്കാരായി ചേര്ക്കുന്നതും പരിശീലകനെ നിയമിക്കുന്നതും ഉള്പ്പടെയുള്ള കാര്യങ്ങള് പ്രാഥമിക ഘട്ടത്തിലാണ്. ദേശീയ ഐ-ലീഗില് കേരളത്തിന്റെ ശക്തമായ സാന്നിധ്യമറിയിക്കലാണ് ലക്ഷ്യം.
കേരള എഫ്.സി. പ്രോജക്ടുമായി സഹകരിക്കാന് കേരള ക്രിക്കറ്റ് അസോസിയേഷനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കായി ഉപയോഗിക്കുന്ന സ്ഥലത്ത് ഒരു ക്രിക്കററ് സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും നിര്മിക്കാമെന്ന് കെ.സി.എ. തത്ത്വത്തില് സമ്മതിച്ചതായാണറിവ്.
Wow, Great News, I can't wait to see them in action. We need some more professional club.
Now it is up to KFA to start a STATE PROFESSIONAL LEAGUE.
Please Mathubhumi take the initiative.
Posted on: March 10, 2010, 5:35 am