IST:


ഹോം   വാര്‍ത്തകള്‍  

എയര്‍ ഇന്ത്യയെ മഹീന്ദ്ര വീഴ്ത്തി
Posted on: 10 Mar 2010

സി.കെ. സന്തോഷ്‌

മുംബൈ: നാട്ടുകാര്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ എയര്‍ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്പിച്ച് മഹീന്ദ്രാ യുണൈറ്റഡ് ഐ ലീഗില്‍ രണ്ടാംസ്ഥാനത്തെത്തി. മഡ്ഗാവില്‍ മറ്റൊരു കളിയില്‍ അവസാന സ്ഥാനത്തുള്ള സ്‌പോര്‍ട്ടിങ് മുംബൈ എഫ്.സി.യെ സമനിലയില്‍ തളച്ചു (2-2). ജയത്തോടെ മഹീന്ദ്രയ്ക്ക് 15 കളിയില്‍ നിന്ന് 28 പോയന്റായി. മഹീന്ദ്രയ്ക്ക് വേണ്ടി സ്റ്റീവന്‍ഡയസും (19) മലയാളി താരം മുഹമ്മദ് റാഫിയുമാണ് ഗോള്‍ നേടിയത്. വാജിത്‌ഷെട്ടിയുടെ വകയായിരുന്നു 54-ാം മിനിറ്റില്‍ എയര്‍ ഇന്ത്യയുടെ ആശ്വാസഗോള്‍.

മുംബൈയിലെ സ്ഥിരം എതിരാളികളുടെ ഏറ്റുമുട്ടല്‍ എന്നത്തെയും പോലെ തീപ്പൊരി നിറഞ്ഞതായിരുന്നു. ഇരു ടീമുകളുടെയും 'ഹോംഗ്രൗണ്ട്' എന്ന് വിശേഷിപ്പിക്കാമെങ്കിലും കൂപ്പറേജില്‍ അല്പം പിന്തുണ ലഭിച്ചത് എയര്‍ ഇന്ത്യയ്ക്കായിരുന്നു.

30 മിനിറ്റിനുള്ളില്‍ തന്നെ മഹീന്ദ്ര രണ്ടു ഗോളുകള്‍ നേടി. സ്റ്റീവന്‍ ഡയസും മുഹമ്മദ്‌റാഫിയും നേടിയ ഗോളുകള്‍ ഒന്നിനൊന്നു മെച്ചവുമായിരുന്നു. ബോക്‌സിന് പുറത്ത് മുരിത്തല അലിയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് സ്റ്റീഫന്‍ ഡയസ് നേരെ വലയിലെത്തിച്ചു. എയര്‍ ഇന്ത്യാ പ്രതിരോധത്തിലെ അങ്കലാപ്പിനിടയില്‍ നിന്നാണ് മുഹമ്മദ്‌റാഫി ലക്ഷ്യം കണ്ടത്.

രണ്ടാംപകുതിയില്‍ എയര്‍ ഇന്ത്യ കളി ഒന്നു മുറുക്കിയതോടെയാണ് മഹീന്ദ്ര പ്രതിരോധം ഒന്നുലഞ്ഞത്. നിരന്തരമായുള്ള അവരുടെ അക്രമണത്തിനിടയില്‍ ക്യാപ്റ്റന്‍ വിജിത്‌ഷെട്ടിയുടെ കനത്ത വോളി ഒരു വെടിയുണ്ട കണക്കെയാണ് മഹീന്ദ്രയുടെ വല തുളച്ചത്. ഒരു ഗോളിന്റെ ആവേശത്തില്‍ എയര്‍ ഇന്ത്യന്‍ നിര ഒന്നുകൂടി ഉണര്‍ന്നെങ്കിലും ജയം കൈയൊഴിയാന്‍ തയ്യാറാകാതിരുന്ന മഹീന്ദ്രയുടെ പ്രതിരോധം അവരെ ശരിക്കും തളച്ചു. കളി കയ്യാങ്കളിയിലേക്കും ഇടയ്ക്ക് നീങ്ങിയതിനാല്‍ സ്റ്റീവന്‍ ഡയസ്, മുരിത്തല എന്നിവരടക്കം മൂന്നുപേര്‍ക്ക് മഞ്ഞക്കാര്‍ഡ് കിട്ടുകയുണ്ടായി.
SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.