ഹാമില്‍ട്ടണ്‍: ചാപ്പല്‍-ഹാഡ്‌ലി ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആറുവിക്കറ്റ് ജയം. തുടരെ രണ്ടാം ജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 46.2 ഓവറില്‍ 245ന് പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ റയാന്‍ ഹാരിസിന്റെയും മിച്ചല്‍ ജോണ്‍സന്റെയും ബൗളിങ്ങാണ് ഓസ്‌ട്രേലിയയ്ക്ക് കരുത്തായത്. മറുപടി ബാറ്റിങ്ങില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹാഡിന്‍ (110) സെഞ്ച്വറി പ്രകടനത്തോടെ ടീമിന്റെ വിജയശില്പിയായി. ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് (69) മികച്ച പ്രകടനം കാഴ്ചവെച്ചു.
ലിവര്‍പൂളിന് തോല്‍വി
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ഇംഗ്ലീഷ്പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ചാമ്പ്യന്മാരായ ലിവര്‍പൂളിന് വീണ്ടും തിരിച്ചടി. വീഗനാണ് സ്വന്തം തട്ടകത്തില്‍ ആന്‍ഫീല്‍ഡ് ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് ഞെട്ടിച്ചത്. ഹ്യുഗോ റോഡാല്ലെഗയാണ് 35-ാം മിനിറ്റില്‍ ഗോള്‍ നേടിയത്.