റിയോഡി ജനൈറോ (ബ്രസീല്‍): തടി കുറച്ചില്ലെങ്കില്‍ ലോകകപ്പില്‍ കളിക്കാനുള്ള മോഹം ബ്രസീല്‍ സ്‌ട്രൈക്കര്‍ അഡ്രിയാനോക്ക് ഉപേക്ഷിക്കേണ്ടിവരും. ഫെ്‌ളമിങ്ങോ ക്ലബ് പ്രസിഡന്റ് പാടികാ അമോറിനാണ് അഡ്രിയാനോക്ക് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ ഇന്റര്‍മിലാന്‍ വിട്ട അഡ്രിയാനോ നാട്ടിലെ ഫെ്‌ളമിങ്ങോയിലേക്ക് കൂടുമാറുകയായിരുന്നു.
സൗഹാര്‍ദമത്സരത്തില്‍ കഴിഞ്ഞാഴ്ച ബ്രസീല്‍ അയര്‍ലന്‍ഡിനെതിരെ രണ്ടു ഗോള്‍ ജയം നേടിയെങ്കിലും അഡ്രിയാനോയുടെ പ്രകടനത്തില്‍ കോച്ച് ദുംഗയും തൃപ്തനായിരുന്നില്ല. 'എംപറര്‍' എന്ന വിളിപ്പേരുള്ള ബ്രസീല്‍ താരത്തിന്റെ ശരീരഭാരം 106 കിലോയാണ്. എട്ടു കിലോയെങ്കിലും അടിയന്തരമായി കുറയ്ക്കണമെന്ന് അഡ്രിയാനോക്ക് അന്ത്യശാസനം ലഭിച്ചുകഴിഞ്ഞു.
ജര്‍മനിയിലെ കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ കടന്ന ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന അഡ്രിയാനോ 48 കളികളില്‍നിന്ന് മഞ്ഞപ്പടയ്ക്കുവേണ്ടി 27 ഗോളുകള്‍ നേടിയിട്ടുണ്ട്. ഫെ്‌ളമിങ്ങോക്കുവേണ്ടി സീസണില്‍ 19 ഗോള്‍ നേടിയ അഡ്രിയാനോയാണ് ടോപ്പ് സേ്കാറര്‍. എന്നാല്‍, ഇതുകൊണ്ടൊന്നും ദുംഗ തൃപ്തനല്ല.