ജയിച്ചിട്ടും കൊറിയ പുറത്ത്
Posted on: 10 Mar 2010
ന്യൂഡല്‍ഹി: അവസാന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഹോളണ്ടിനെ കീഴടക്കിയെങ്കിലും (2-1) ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയക്ക് ലോകകപ്പ് ഹോക്കിയുടെ സെമി ഫൈനല്‍ വാതില്‍ തുറക്കാനായില്ല. ഗോള്‍ ശരാശരിയില്‍ കൊറിയയെ പിന്തള്ളി ഹോളണ്ട് ഗ്രൂപ്പ് എയില്‍നിന്ന് രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലില്‍ സ്ഥാനം പിടിച്ചു. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 5-2ന് കടപുഴക്കിയ ജര്‍മനി ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തി. മൂന്നാം മത്സരത്തില്‍ അര്‍ജന്റീന 3-2ന് കനഡയെ തോല്പിച്ചു. ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായ അര്‍ജന്റീനയുമായാണ് ഏഴാം സ്ഥാനനിര്‍ണയമത്സരത്തില്‍ ഇന്ത്യയ്ക്ക് കളിക്കേണ്ടത്.
വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലുകളില്‍, ജര്‍മനി ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയ ഹോളണ്ടിനെയും നേരിടും. ഗ്രൂപ്പ് എയില്‍ 11 പോയന്‍േറാടെ ജര്‍മനി ചാമ്പ്യന്മാരായി, ഹോളണ്ടിനും കൊറിയക്കും പത്തു പോയന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരി ഹോളണ്ടിനെ രണ്ടാം സ്ഥാനത്തെത്തിച്ചു.
കൊറിയയില്‍നിന്ന് കടുത്ത ഭീഷണി നിലനില്‍ക്കുന്നതിനാല്‍, ന്യൂസീലന്‍ഡിനെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തി സെമി സ്ഥാനം ഉറപ്പിക്കുകയെന്നതായിരുന്നു ജര്‍മനിയുടെ ഗെയിം പ്ലാന്‍. അതവര്‍ കൃത്യമായി നടപ്പാക്കുകയും ചെയ്തു. മത്സരം പാതി വഴി പിന്നിട്ടപ്പോഴേക്കും ജര്‍മനി രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തി.
15-ാം മിനിറ്റില്‍ ക്രിസ്റ്റഫ് മെങ്കെയാണ് ജര്‍മനിയുടെ ഗോള്‍ സ്‌കോറിങ്ങിന് തുടക്കമിട്ടത്. 28-ാം മിനിറ്റില്‍ ഫ്‌ളോറിയാന്‍ ഫ്യൂക്‌സ് ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ 47-ാം മിനിറ്റില്‍ ഫിലിപ് വൈറ്റ് മൂന്നാം ഗോള്‍ നേടിയതോടെ ജര്‍മനി വിജയമുറപ്പിച്ചു. എന്നാല്‍, മൂന്നുമിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ച് കിവികള്‍ വെല്ലുവിളിച്ചു. 51-ാം മിനിറ്റില്‍ ഷിയ മക്അലീസിയും 54-ാം മിനിറ്റില്‍ നിക്കോളാസ് വില്‍സണുമാണ് ന്യൂസീലന്‍ഡിന്റെ ഗോള്‍ നേടിയത്. എന്നാല്‍, തുടരെ കിട്ടിയ പെനാല്‍ട്ടി കോര്‍ണറുകളില്‍നിന്ന് 63-ാം മിനിറ്റില്‍ മോറിറ്റ്‌സ് ഫൂഴ്‌സ്റ്റെയും തൊട്ടടുത്ത മിനിറ്റില്‍ മത്യാസ് വിത്തോസും ജര്‍മനിയുടെ ലീഡുയര്‍ത്തി.
ആദ്യ മിനിറ്റില്‍ത്തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് കൊറിയ ഹോളണ്ടിനെതിരെ അവിസ്മരണീയ ജയം നേടിയത്. കളി തുടങ്ങി 25-ാം സെക്കന്‍ഡില്‍ റൊണാള്‍ഡ് ബ്രൂവര്‍ ഹോളണ്ടിനെ മുന്നിലെത്തിച്ചു. 32-ാം മിനിറ്റില്‍ നാം ഹുന്‍ വൂവും 45-ാം മിനിറ്റില്‍ സിയോ ജോങ് ഹോയും കൊറിയക്കായി ഗോള്‍ നേടി.