ഇന്ത്യന്‍ ക്രിക്കറ്റിന്റെ സോപാനത്തിനു മുകളില്‍ ശോഭയോടെ ജ്വലിച്ചു നില്ക്കുന്ന ഒരു വ്യക്തിത്വത്തെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിനുടമ, ഒറ്റയ്ക്ക് തന്റെ ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിവുള്ള ആധികാരികത. ഇത്രയും പറഞ്ഞാല്‍ ആരും ഉറപ്പിക്കും സച്ചിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത് എന്ന്. എന്നാല്‍ സച്ചിനെക്കുറിച്ചല്ല. പിന്നെ ആരായിരിക്കും?. സെവാഗ്?, ഗംഭീര്‍?, ധോണി?, ഇവരാരുമല്ല. മിത്താലി രാജിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ക്രിക്കറ്റിനെ മതമായി കൊണ്ടു നടക്കുന്ന ഇന്ത്യയില്‍പ്പോലും മിത്താലിരാജ് എന്ന പേര്‍ കേള്‍ക്കാത്ത ആളുകള്‍ ധാരാളമുണ്ട്. കാരണം പൊതുജനങ്ങള്‍ക്ക് ക്രിക്കറ്റ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നൊക്കെ പറയുമ്പോള്‍ പുരുഷന്മാരുടെ കളിയും അവരുടെ ദേശീയ ടീമും എന്നേ അര്‍ഥമുള്ളൂ. എന്നാല്‍ സച്ചിന്‍ ധോണി ഗംഭീരാദികള്‍ അരങ്ങുതകര്‍ത്താടിയ അതേ കാലത്തുതന്നെയാണ് ഇന്ത്യയുടെ വനിതാ ടീം ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോല്പിച്ച് പരമ്പര നേടിയത്. സച്ചിന്റെ താണ്ഡവം കണ്ട ദിവസങ്ങളില്‍ത്തന്നെയായിരുന്നു മിത്താലിരാജ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌വുമണ്‍ ആയി മാറിയത്.
ഇന്ത്യയുടെ വനിതാക്രിക്കറ്റിനെ ആദരവോടെ കാണാന്‍ മാധ്യമങ്ങളും ശീലിച്ചിട്ടില്ല. മിത്താലിരാജിന്റെയോ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജുലന്‍ ഗോസ്വാമിയുടെയോ നേട്ടങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍പോലും അറിയാതെ പോകാന്‍ മാധ്യമങ്ങുടെ അലംഭാവം കാരണമായിട്ടുണ്ട്. വനിതാ ക്രിക്കറ്റിന്റെ ചരിത്രം എവിടെ തുടങ്ങുന്നു, ഇന്ത്യ ഏത് കൊല്ലംതൊട്ടാണ് അന്തര്‍ദ്ദേശീയ വനിതാ മത്സരങ്ങളില്‍ കളിക്കാന്‍ തുടങ്ങിയത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ക്വിസ് പ്രേമികള്‍ക്കുപോലും അജ്ഞാതമാണ്. അതുകൊണ്ട് കുറച്ച് പഴയകാര്യങ്ങളും ഇവിടെ പറഞ്ഞുവെക്കട്ടെ. 1745ല്‍ നടന്ന ഒരു വനിതാ ക്രിക്കറ്റ് മാച്ചാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വനിതാക്രിക്കറ്റ് മത്സരം. ഇംഗ്ലണ്ടിലെ 'ദ റീഡിങ്ങ് മെര്‍ക്യുറി' എന്ന പത്രത്തില്‍ 1745 ജൂലായ് 26 ാം തിയതി ഇങ്ങിനെയൊരു വാര്‍ത്താശകലം അച്ചടിച്ചുവന്നു. ''ബ്രാംലിയിലെ 11 പെണ്‍കൊടികളും (maids) ഹാംബ്ള്‍ഡണിലെ 11 പെണ്‍കൊടികളും തമ്മില്‍ ക്രിക്കറ്റ് മാച്ച് നടന്നു. എല്ലാവരും വെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. '' ഇതാണ് വാര്‍ത്ത ഇതിനു ശേഷം ഒന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞാണ് ആദ്യത്തെ വനിതാ ക്രിക്കറ്റ് ടീമായ യോര്‍ക്‌ഷെയറിലെ വൈറ്റ് ഹീതര്‍ ക്ലബ്ബ് ഉണ്ടാവുന്നത്. (1887). മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം (1890) ഒറിജിനല്‍ ഇംഗ്ലീഷ് ലേഡി ക്രിക്കറ്റേഴ്‌സ് എന്ന വനിതാടീം ഇംഗ്ലണ്ട് മുഴുവന്‍ കളിച്ച് ധാരാളം വരുമാനമുണ്ടാക്കി. പക്ഷേ, വരുമാനം കളിക്കാരികള്‍ക്ക് കിട്ടിയില്ല. പണം മുഴുവനുമെടുത്ത് മാനേജര്‍ മുങ്ങിക്കളഞ്ഞു. 1894 ആയപ്പൊഴേയ്ക്കും ഓസ്‌ട്രേലിയയില്‍ വനിതാ ക്രിക്കറ്റ് ടീമുകള്‍ മാത്രമല്ല വനിതാ ക്രിക്കറ്റ് ലീഗുപോലും ഉണ്ടായി. എകദേശം ഇതേകാലത്ത് വെള്ളക്കാരുടെ മറ്റൊരു കുടിയേറ്റസ്ഥലമായ ദക്ഷിണാഫ്രിക്കയിലും വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിക്കഴിഞ്ഞിരുന്നു. പോര്‍ട്ട് എലിസബത്തിലെ പയനിയേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബാണ് ദക്ഷിണാഫ്രിക്കയിലെ ആദ്യക്രിക്കറ്റ് ടീം. 1926ല്‍ ലോക വനിതാ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന വിമിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഉണ്ടായി. 32 വര്‍ഷങ്ങള്‍ക്കുശേഷം 1958ല്‍ ഇന്റര്‍നാഷണല്‍ വിമിന്‍സ് ക്രിക്കറ്റ് കൗണ്‍സില്‍ (കണഇഇ) വനിതാ ക്രിക്കറ്റിന്റെ സംഘാടകത്വം ഏറ്റെടുത്തു. 2005 ല്‍ IWCC എന്ന സംഘടന ICC എന്ന ലോകക്രിക്കറ്റ് സംഘടനയോട് ലയിച്ചു.
കൊളോണിയല്‍ രാജ്യമായ ഇന്ത്യയില്‍ ക്രിക്കറ്റ് 19 ാം നൂറ്റാണ്ടില്‍ത്തന്നെ എത്തിയെങ്കിലും വനിതാ ക്രിക്കറ്റ് വളരെ പതുക്കെയേ ആരംഭിച്ചുള്ളൂ. 1973 ലാണ് വിമന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടന ഉണ്ടായത്. 1976ല്‍ ഇന്ത്യ വെസ്റ്റിന്റീസിനെതിരെ ആദ്യ ടെസ്റ്റ് സീരിസും കളിച്ചു. ഒരു കാര്യത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അഭിമാനിക്കാം . ഇന്ത്യന്‍ പുരുഷന്മാര്‍ 1932 ലാണ് ആദ്യ ടെസ്റ്റ് കളിച്ചത്. ആദ്യ കളി കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ പരമ്പര ജയിക്കുന്നത.് എന്നാല്‍, ആറ് ടെസ്റ്റുകളുണ്ടായിരുന്ന ആദ്യ പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ വെസ്റ്റിന്‍ഡീസിനെ സമനിലയില്‍ തളച്ചു. തുടര്‍ന്നിങ്ങോട്ടും അത്രമോശമായിരുന്നില്ല ഇന്ത്യന്‍ വനിതകളുടെ പ്രകടനം. 1978ലും 1982 ലും ലോകകപ്പില്‍ നാലാംസ്ഥാനം നേടിയ ഇന്ത്യ 1997ലും 2005ലും സെമിഫൈനലിസ്റ്റുകളായി. 2005ല്‍ റണ്ണര്‍അപ്പും 2009ല്‍ മൂന്നാം സ്ഥാനക്കാരും ഇന്ത്യന്‍ വനിതകളായിരുന്നു. 2009ല്‍ മൂന്നാം സ്ഥാനക്കാരും ഇന്ത്യന്‍ വനിതകളായിരുന്നു. 2009 ലെ ലോകചാമ്പ്യന്മാരെയാണ് ഇപ്പോള്‍ ഇന്ത്യ തോല്പിച്ചത്. ഈ നേട്ടങ്ങളക്കു പുറമെ 2004, 2005, 2006, 2008 കൊല്ലങ്ങളില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും ഇന്ത്യക്കായിരുന്നു. ഇത്രയൊക്കെ നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് എത്രകാലം വേണ്ടിവന്നു എന്ന് ചോദിക്കുമ്പോഴാണ് ഇന്ത്യന്‍ വനിതകള്‍ താരതമ്യങ്ങളില്‍ എത്ര മുകളിലാണെന്ന് മനസ്സിലാവുന്നത്.
പ്രസക്തമായ ചില റെക്കോഡുകളും ഇന്ത്യന്‍ വനിതകള്‍ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (467) ഇന്ത്യയുടെ പേരിലാണ്. 2002ല്‍ ഇംഗ്ലണ്ടിനെതിരെ റ്റൗന്റ്റല്‍ കൗന്റി ഗ്രൗണ്ടിലാണ് ഇന്ത്യ ഈ സ്‌ക്കോര്‍ നേടിയത്. അതേ ടെസ്റ്റില്‍ത്തന്നെ ഇന്ത്യയുടെ മിത്താലി രാജ് വനിതാ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും (214) നേടി. പിന്നീട് 2004 ല്‍ പാകിസ്താന്റെ കിരണ്‍ ബാലൂച്ച് ഈ റെക്കോഡ് തകര്‍ത്തു. ഒരിന്നിങ്‌സിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും ഒരു മാച്ചിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും ഇന്ത്യക്കാരുടെ വിരലുകളില്‍നിന്നാണ് ഉണ്ടായത്. 1995ല്‍ ജംഷഡ്പുരില്‍ വെച്ച് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ നീതുഡേവിഡ് നേടിയ 53 റണ്‍സിന് 8 വിക്കറ്റ് എന്ന നേട്ടമാണ് ഒരിന്നിങ്‌സിലെ ഏറ്റവും മികച്ചപ്രകടനം. 2006 ല്‍ റ്റൗന്റ്റനില്‍ വെച്ച് ഇന്ത്യയുടെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ കൂടിയായ ജൂലന്‍ ഗോസ്വാമി നേടിയ 78 റണ്‍സിന് 10 വിക്കറ്റാണ് ഒരു ടെസ്റ്റിലെ എറ്റവും മികച്ച വ്യക്തിഗത ബൗളിങ് പ്രകടനം. എകദിന ക്രിക്കറ്റിലും ഏറ്റവും പ്രശസ്തമായ റെക്കോഡുകളൊക്കെ ഇന്ത്യന്‍ വനിതകളുടെ പേരിലാണ് ഏറ്റവും വലിയ ടീം ടോട്ടല്‍ (രണ്ടു വിക്കറ്റിന് 298 ), ഏറ്റവും മികച്ച വ്യക്തിഗത സ്‌ക്കോര്‍ (പാക്കിസ്താനെതിരെ 2005ല്‍ ജയ ശര്‍മ്മ നേടിയ 138 നോട്ടൗട്ട്) ഏറ്റവും മികച്ച ഇന്നിങ്‌സ് ബൗളിങ് (ശ്രീലങ്കക്കെതിരെ 2004ല്‍ മമത മേബന്‍ നേടിയ 10 റണ്‍സിന് 6 വിക്കറ്റ്) എന്നിവയൊക്കെ ഇന്ത്യന്‍ വനിതകളുടെ ലോകറെക്കോഡുകളാണ്.
മുകളില്‍ കൊടുത്ത നേട്ടങ്ങള്‍ക്കുമപ്പുറം പുതിയ ഉയരത്തില്‍ സ്വന്തം ഇടം സൃഷ്ടിക്കുകയാണ് മിത്താലിരാജ്. എകദിനമത്സരങ്ങളിലാണ് മിത്താലി എന്ന രാജസ്ഥാന്‍കാരി കൂടുതല്‍ പ്രത്യക്ഷപ്പെട്ടത്. 119 മത്സരങ്ങളില്‍ നിന്നായി അവര്‍ 3786 റണ്‍സ് എടുത്തുകഴിഞ്ഞു. ബാറ്റിങ് ശരാശരി 49.81. ഇതില്‍ രണ്ട് സെഞ്ച്വറികളും 31 അര്‍ധശതകങ്ങളും ഉള്‍പ്പെടുന്നു. പുരുഷക്രിക്കറ്റിനെ അപേക്ഷിച്ച് വനിതാക്രിക്കറ്റില്‍ റണ്ണൊഴുക്ക് 50% കുറവാണെന്നു കൂടി ഓര്‍ക്കണം. മിക്കവാറും കളികളില്‍ സ്‌കോര്‍ 200ല്‍ താഴെയാണ്. അപ്പോഴാണ് 49.81 എന്ന ബാറ്റിങ് ശരാശരി. മിത്താലി നേടിയത് ടെസ്റ്റില്‍ മിത്താലിയുടെ ശരാശരി 52.00 ആണ്. എട്ട് ടെസ്റ്റുകളില്‍ നിന്നായി അവര്‍ 572 നേടിക്കഴിഞ്ഞു. ട്വന്റി ട്വന്റി മത്സരങ്ങളില്‍ അവര്‍ 42.50 റണ്‍സിന്റെ ശരാശരിയും നേടിയിട്ടുണ്ട്. ഇതിനു പുറമെ ലെഗ് ബ്രെയ്ക് ബൗളറുമാണ് മിത്താലി. ഫിബ്രവരി 22ന് ഇറങ്ങിയ ഐ.സി.സി. റാങ്കിങ്ങില്‍ ലോകത്തിലെ ഒന്നാം റാങ്ക് മിത്താലിക്ക് തന്നെ. ഏറ്റവും ഒടുവില്‍ വിശാഖപട്ടണത്ത് വെച്ച് നടന്ന ഇംഗ്ലണ്ടിതെിരെ മിത്താലി കളിച്ച രീതി അവരുടെ ഒന്നാം റാങ്കിനെ ന്യായീകരിക്കുന്നതായിരുന്നു. ഇന്ത്യ 5 വിക്കറ്റിന് 156 റണ്‍സ് നേടിയപ്പോള്‍ മിത്താലിരാജ് പുറത്താകാതെ 84 റണ്‍സ് നേടിയിരുന്നു.
ലോകത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌പേഴ്‌സന്മാരുടെ റെക്കോഡുകളുമായി താരതമ്യം ചെയ്യുന്നത് ഇവിടെ പ്രസക്തമായിരിക്കും. ഓസ്‌ട്രേലിയ സൃഷ്ടിച്ച ഏറ്റവും മികച്ച ബാറ്റ്‌സ്‌പേഴ്‌സന്‍മാരില്‍ ഒരാള്‍ എന്ന വിശേഷണത്തിനര്‍ഹയായി കരേന്‍ റോല്‍റ്റന്‍ 141 എകദിന മത്സരങ്ങളില്‍നിന്നായി 48.14 എന്ന ശരാശരിയോടെ 4814 റണ്‍സാണ് എടുത്തത്. ഈ വര്‍ഷം ആദ്യം അവര്‍ മത്സരരംഗത്തുനിന്ന് വിരമിച്ചു. 27 വയസ്സുള്ള മിത്താലി അടുത്ത മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ റെക്കോഡ് മറികടക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റ്‌സ്‌പേഴ്‌സണും ക്യാപ്റ്റനുമായ ഷാര്‍ലറ്റ് മേരി എഡ്വേഡ്‌സിന്റെ റെക്കോഡ് മിത്താലിക്ക് ഇതിനകം കൈയെത്താവുന്ന ദൂരത്തില്‍ എത്തിയിരിക്കുന്നു. 134 മത്സരങ്ങളില്‍നിന്ന് 36.50 എന്ന ശരാശരിയോടെ അവര്‍ 3943 റണ്‍സാണ് അവര്‍ ഇതുവരെ എടുത്തിട്ടുള്ളത്. 30 വയസ്സിലേറെ പ്രായമുള്ള മേരി എഡ്വേഡ്‌സിനേക്കാള്‍ മിത്താലിരാജിന് ധാരാളം ക്രിക്കറ്റ് വര്‍ഷങ്ങള്‍ ബാക്കിയുണ്ട് എന്നതിനാല്‍ മിത്താലി മേരിയെ പിന്തള്ളുമെന്നതില്‍ സംശയമൊന്നുമില്ല. ഓസ്‌ട്രേലിയന്‍ വനിതാക്രിക്കറ്റിന്റെ നെടുംതൂണായിരുന്ന ബെലിന്റ ക്ലാര്‍ക്ക് 118 മത്സരങ്ങളില്‍ നിന്നായി 47.49 റണ്‍സ് ശരാശരിയോടെ 4844 റണ്‍സാണ് എടുത്തിരുന്നത്. 2005 ലാണ് അവര്‍ അവസാനത്തെ എകദിനം കളിച്ചത്. തീര്‍ച്ചയായും മിത്താലി ക്രിക്കറ്റിനോട് വിരമിക്കുന്നതിന് വളരെ മുമ്പുതന്നെ ബെലിന്റ ക്ലാര്‍ക്കിന്റെ റെക്കോഡും മറികടക്കുമെന്ന് പ്രതീക്ഷിക്കാം. ബെലിന്റ ക്ലാര്‍ക്ക്, കരേന്‍ റോല്‍റ്റന്‍, മേരി എഡ്വേഡ്‌സ് തുടങ്ങിയവരില്‍ നിന്ന് ഒരു കാര്യത്തില്‍ മാത്രം മിത്താലി രാജ് വിഭിന്നയാണ്. ഇപ്പറഞ്ഞ മൂന്ന് വിദേശകളിക്കാരും അവരുടെ നാടുകളില്‍ അതിപ്രസ്തരാണെങ്കില്‍ ഇന്ത്യയില്‍ മിത്താലി രാജിനെ അറിയാത്തവര്‍ ഏറെയാണ്. മറ്റ് സ്‌പോര്‍ട്‌സ് ഇനങ്ങളെ വിസ്മരിപ്പിക്കുന്ന അതിദീപ്തി ക്രിക്കറ്റിന് കിട്ടുന്നു എന്നപോലെത്തന്നെ വനിതാ ക്രിക്കറ്റിനെ ഇരുട്ടിലാഴ്ത്തുന്ന അമിത പ്രശസ്തി ഇന്ത്യയില്‍ പുരുഷ ക്രിക്കറ്റ് നേടിയെടുക്കുന്നുണ്ട്. ഒരുപക്ഷേ ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്‌സ് വുമണ്‍ ആയശേഷമായിരിക്കാം മിത്താലി ബാറ്റ് താഴെവെക്കുന്നത്. അപ്പോളും മിത്താലി രാജ് ആര് എന്നത് ക്വിസ് മത്സരാര്‍ത്ഥികള്‍ക്കിടയിലെ വിഷമം പിടിച്ച ചോദ്യമായി അവശേഷിച്ചേക്കാം!.
such pathetic conditions should not be there with indian womens team, medias can expose more.
Posted on: March 12, 2010, 8:03 am
shaji.elvis (Kannur) writes...
Its a mans world. THere is no place for any women in it. Thats why no lady sachin will rise from an indian pitch. Its really pathetic.
Posted on: March 9, 2010, 10:32 pm