IST:


ഹോം   കോളം  

സമ്മാനപ്രഖ്യാപനം അല്‍പം നേരത്തെ
Posted on: 04 Mar 2010



പാകിസ്താന്റെ മേല്‍ വിജയം നേടിയതിന് ഇന്ത്യന്‍ ഹോക്കി ടീമിന് ഹരിയാണ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചത് വേണ്ടത്ര ആലോചനയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗോളടിച്ച കളിക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് ഹരിയാണ സ്‌പോര്‍ട്‌സ് മന്ത്രി ഗോപാല്‍ കാന്‍ഡ പറയുകയുണ്ടായി. ഈ വിജയം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലത്തിന് തുടക്കം കുറിച്ചതായി മന്ത്രി പറഞുവെന്നാണ് റിപ്പോര്‍ട്ട്. ഹരിയാണ സര്‍ക്കാരിന്റെ വിശാലഹൃദയത്തെ മാനിക്കുന്നു. പക്ഷെ, ഇത്ര ധൃതിപിടിച്ച് സമ്മാനം പ്രഖ്യാപിക്കേണ്ടിയിരുന്നുവോ എന്നു മാത്രമേ സംശയമുള്ളൂ.

ലോകപ്പില്‍ പങ്കെടുക്കുന്ന 12 ടീമുകളില്‍ ഒന്നു മാത്രമാണ് പാകിസ്താന്‍. ഓസ്‌ട്രേലിയയെയോ പശ്ചിമ ജര്‍മനിയെയോ തോല്പ്പിക്കുന്നതു പോലെ തന്നെയേ ഉള്ളു ഇതും. അതില്‍ മറ്റു താത്പര്യങ്ങള്‍ കലര്‍ത്തേണ്ടതുണ്ടോ എന്ന് ആലോചിക്കണം. ഇന്ത്യ-പാക് മത്സരത്തില്‍ കളിക്ക് പുറത്തുള്ള കാര്യങ്ങള്‍ കളിക്കാരെ ഒരുതരത്തിലും ബാധിക്കുകയുണ്ടായില്ലെന്ന് കളി ടി.വി.യിലെങ്കിലും കണ്ടവര്‍ക്ക് ബോധ്യപ്പെടും. ഹരിയാണ സര്‍ക്കാര്‍ അഞ്ചു ലക്ഷം കൊടുക്കുന്നതില്‍ ആര്‍ക്കും പരാതിയുണ്ടാവുമെന്ന് തോന്നുന്നില്ല. ഹോക്കി കളിക്കാര്‍ ക്രിക്കറ്റ് കളിക്കാരെയോ ടെന്നീസ് കളിക്കാരെയോ അപേക്ഷിച്ച് വരുമാനം നന്നെ കുറഞ്ഞവരാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലും വേതനമായും തങ്ങള്‍ക്ക് കിട്ടാനുള്ള പണത്തിനു വേണ്ടി അവര്‍ക്ക് ലോകകപ്പ്് പരിശീലനവേളയില്‍ സമരം നടത്തേണ്ടതായി വന്നു. പണം കിട്ടിയിട്ടേ അവര്‍ പിന്മാറിയുള്ളൂ. തുടര്‍ന്ന് വനിതകളും ഇതേവഴി തേടുകയും വിജയം കണ്ടെത്തുകയും ചെയ്്തു. അപ്പോള്‍ കരയുന്ന കുഞ്ഞിന് മില്‍മ ഇല്ലെങ്കില്‍ തമിഴ്‌നാട് പാലെങ്കിലും കിട്ടും. ഇന്ത്യ-പാക് മത്സരത്തിനിടെ മൈക്ക് അനൗണ്‍സ്‌മെന്റ്് നടത്ത്ിയ കമന്റേറ്ററുടെ പ്രകടനത്തെക്കുറിച്ചും ചില ആക്ഷേപങ്ങള്‍ ഉണ്ടായി. ഇന്ത്യ പാകിസ്താനെ 4-1 ന് തോല്പ്പിച്ചു എന്ന് പറയുന്നതിനു പകരം പത്രഭാഷയില്‍ ഇന്ത്യ പാകിസ്താനെ തകര്‍ത്തു എന്നാണ് ഇദ്ദേഹം പറഞത്. ഗ്രൗണ്ടില്‍ പരസ്​പരം മല്ലിടുന്ന കളിക്കാര്‍ക്ക് ഉള്ള ഔചിത്യം പോലും ഔദ്യോഗികമായ ചുമതല ഏല്‍പ്പിക്കപ്പെട്ട ഒരാള്‍ക്ക് ഇല്ലെന്നു വരുന്നത് കഷ്ടമാണ്. ഹരിയാണ സര്‍ക്കാരിന്റെ ആവേശം തന്നെയാണ് കമന്റേറ്ററെയും ബാധിച്ചത്. സമ്മാനം പ്രഖ്യാപിക്കുന്നതിന് അല്‍പം കൂടി കാത്തിരിക്കാമായിരുന്നു. ഏതായാലും അത് അവര്‍ക്ക് കൊടുക്കണം, അത് പാകിസ്താനെ തോല്പ്പിച്ചതിന് കൊടുക്കുന്നു എന്ന് പറയുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കാമായിരുന്നു എന്നു മാത്രം. പിന്നീടും കൊടുക്കാവുന്നതാണല്ലോ ഈ തുക.


ഹോക്കി കളിച്ച് നന്നായി ജീവിക്കാനുള്ള ഒരു സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് കളിക്കാര്‍ പറയും. ആരുടെ പേരിലുള്ള വേദിയിലാണോ ലോകകപ്പ് നടക്കുന്നത്. ആ പേരിന് ഉടമയായ സാക്ഷാല്‍ ധ്യാന്‍ചന്ദ് തന്നെ തന്റെ മകന്‍ അശോക് കുമാറിനോട് ആ കളി കളിക്കേണ്ടെന്നാണ് പറഞത്. പക്ഷെ, അച്ഛന്റെ വാക്കുകള്‍ കേള്‍ക്കാതെ ഹോക്കി തിരഞെടുത്ത അശോക് പിന്നീട് ഇന്ത്യയുടെ പ്രഗത്ഭ താരമായി എന്നത് മറ്റൊരു കാര്യം. പഴയ ഒളിംപ്യന്‍മാരില്‍ പലര്‍ക്കും തങ്ങളുടെ മക്കള്‍ ഹോക്കി കളിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്ന് അവര്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സാമ്പത്തിക നേട്ടം വലുതായി ഇല്ലെന്നതു തന്നെ കാരണം. വിദേശത്തും സ്ഥിതി ഭിന്നമല്ല. ലോകചാമ്പ്യന്മാരായ പശ്്ചിമ ജര്‍മനിയുടെ ചില പ്രധാന കളിക്കാര്‍ ഈ ലോകകപ്പിന് വന്നിട്ടില്ല. ഫിലിപ്പ് സെല്ലര്‍, ക്രിസ്റ്റഫര്‍ സെല്ലര്‍ തുടങ്ങിയവര്‍ പഠനം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. അഭിഭാഷകനാകാനാണ് ക്രിസ്റ്റഫര്‍ പഠിക്കുന്നത്. കളിക്കാര്‍ ഇങ്ങനെ വിട്ടുപോകുന്നതു മൂലം ഇടക്കിടെ ജര്‍മന്‍ ടീമിന് പുതുക്കിപ്പണിയല്‍ നടത്തേണ്ടതായും വരുന്നു.


പ്രോത്സാഹനത്തുക നല്‍കുന്നതിന് ഒരു വ്യവസ്തതയും വിവിധ കളികള്‍ക്ക് ഇതു സംബന്ധിച്ച് ഒരു നിയമാവലിയും ഉണ്ടാകുന്നത് നല്ലതാണ്. പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതു കൊടുക്കുകയും വേണം. അതില്ലാതിരുന്നതു കൊണ്ടായിരുന്നുവല്ലോ കളിക്കാര്‍ സമരമാര്‍ഗം സ്വീകരിച്ചത്. സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ചില ഘട്ടങ്ങളില്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുകയും കൊടുക്കുകയും ചെയ്യുന്നതില്‍ ഒരു ഫ്യൂഡല്‍ ചുവയുണ്ട്. തമ്പുരാന്‍ പ്രജകള്‍ക്ക് എന്തോ ദാനം ചെയ്യുന്നതു പോലുള്ള ഒരു ചുവ. വാണിജ്യ പിന്തുണ കുറഞ്ഞ കളികള്‍ക്ക് ചിലപ്പോള്‍ അതു വേണ്ടിവന്നേക്കാം. ഇതിന് ഒരു വ്യവസ്ഥയില്ലെങ്കില്‍ അത് പരാതികള്‍ക്ക് ഇടവെക്കും. പത്മശ്രീ, അര്‍ജുന അവാര്‍ഡുകളുടെ കാര്യത്തില്‍ എല്ലായ്‌പോഴും തര്‍ക്കങ്ങള്‍ ഉടലെടുക്കാറുള്ളതാണ്. സമ്മാനം കൊടുക്കുന്നതു ശീലമാക്കി ആശ്രിതത്വം വളര്‍ത്തുന്നതിനേക്കാള്‍ നല്ലത് സര്‍ക്കാര്‍ കളികള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുകയാണ്്. 'ജനങ്ങളെ പ്രാപ്തരാക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാര്‍ പൗരന്മാര്‍ക്ക് വേണ്ടതെല്ലാം നേരിട്ട് നല്‍കുകകയല്ല ചെയ്യുന്നത്. മറിച്ച് ഓരോരോ സംരഭങ്ങളും സര്‍ഗാത്മകതയും വളര്‍ന്നു വരുന്നതിന് പ്രാപ്തി നേടുന്ന സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുകയും സേവനങ്ങള്‍ എത്തിക്കുന്നതിനെ പിന്താങ്ങുകയും ചെയ്യുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. 'തന്റെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഇങ്ങനെ പറയുകയുണ്ടായി. സ്‌പോര്‍ട്‌സിന്റെ കാര്യത്തിലും ഇതു തന്നെയായിരിക്കണം ദീര്‍ഘകാലത്തെ സമീപനം. ഇനിയുള്ള കളികള്‍ക്കും പ്രഖ്യാപിക്കുമോ ഹരിയാണ സര്‍ക്കാര്‍ സമ്മാനം.?
SocialTwist Tell-a-Friend

Other stories in this section:



 

 



© Copyright 2009. Mathrubhumi. All rights reserved.