ആസിഫിന് സഞ്ചാരവിലക്ക് അക്മല്‍ പുറത്ത്
Posted on: 09 Feb 2010
കറാച്ചി: യു.എ.ഇ.യില്‍ ഈ മാസം നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീമില്‍നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും വൈസ് ക്യാപ്റ്റനുമായ കമ്രാന്‍ അക്മലിനെ പുറത്താക്കി. കറുപ്പ് കൈവശം വെച്ചതിന് 2008 ജൂണില്‍ ദുബായില്‍ അറസ്റ്റിലായശേഷം പേസ് ബൗളര്‍ മുഹമ്മദ് ആസിഫിനും, യു.എ.ഇ. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സഞ്ചാരവിലക്ക് തുടരുന്നതിനാല്‍ പരമ്പരയില്‍ കളിക്കാനാവില്ല.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനമാണ് കമ്രാന്‍ അക്മലിന് സ്ഥാനം നഷ്ടപ്പെടുത്തിയത്. ഷൊയബ് മാലിക് നയിക്കുന്ന ടീമില്‍ അബ്ദുള്‍ റസാഖും യാസിര്‍ അരാഫത്തും തിരിച്ചെത്തി.
ആസിഫിന്റെ സഞ്ചാരവിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് യു.എ.ഇ. സര്‍ക്കാരിന് കത്തെഴുതിയിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. കഴിഞ്ഞവര്‍ഷം ന്യൂസീലന്‍ഡിനെതിരെ നടന്ന പരമ്പരയിലും ആസിഫിന് ഇതുമൂലം കളിക്കാന്‍ സാധിച്ചിരുന്നില്ല.