ധാക്ക: പതിനൊന്നാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് ചൊവ്വാഴ്ച തിരശ്ശീല വീഴും. തിങ്കളാഴ്ച 18 സ്വര്‍ണം വാരിയ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വമ്പന്‍ മാര്‍ജിനില്‍ കിരീടം നിലനിര്‍ത്തുമെങ്കിലും പ്രമുഖ ഇനങ്ങളില്‍ ഇന്ത്യക്കേറ്റ തിരിച്ചടി ഞെട്ടിപ്പിക്കുന്നതാണ്. ഫുട്‌ബോള്‍, ഹോക്കി, ബാസ്‌കറ്റ്‌ബോള്‍ ഇനങ്ങളിലേറ്റ തിരിച്ചടിക്ക് പിന്നാലെ അത്‌ലറ്റിക്‌സിലും ഇന്ത്യക്ക് അപ്രതീക്ഷിത പ്രഹരമേറ്റു. അത്‌ലറ്റിക്‌സില്‍ ഒമ്പത് ഫൈനലുകള്‍ നടന്ന തിങ്കളാഴ്ച ഇന്ത്യക്ക് ഒരു സ്വര്‍ണം മാത്രമാണ് കിട്ടിയത്. അമ്പെയ്ത്തില്‍ തീരുമാനമായ നാലു സ്വര്‍ണവും പിടിച്ചെടുത്ത ഇന്ത്യ നീന്തലിലും നാലു സ്വര്‍ണം നേടി. ബോക്‌സിങ്ങിലും ടേബിള്‍ ടെന്നീസിലും മൂന്നു വീതവും സ്വര്‍ണം ഇന്ത്യ തിങ്കളാഴ്ച പിടിച്ചെടുത്തു. വനിതാ വിഭാഗം ഫുട്‌ബോളിലും വൂഷുവിലും െൈതക്കോണ്ടോയിലും അത്‌ലറ്റിക്‌സിലുമാണ് മറ്റ് തങ്കപ്പതക്കങ്ങള്‍. അമ്പെയ്ത്ത് 70 മീറ്റര്‍ ഒളിമ്പിക് റൗണ്ടില്‍ തരുണ്‍ദീപ് റായ് പുരുഷവിഭാഗത്തിലും ദോള ബാനര്‍ജി വനിതകളിലും ഒന്നാമതെത്തി. ഈ രണ്ടു വിഭാഗങ്ങളിലെയും ടീം കിരീടവും ഇന്ത്യക്കാണ്. ബോക്‌സിങ്ങില്‍ അമന്‍ദീപ് (48കി.), സുരഞ്ജയ് സിങ് (51കി.), ഛോട്ടേലാല്‍ (57കി.) എന്നിവര്‍ ജേതാക്കളായി. നീന്തലില്‍ അര്‍ജുന്‍ ജയപ്രകാശ് (50 മീ. ബ്രെസ്റ്റ് സ്‌ട്രോക്ക്), ശുഭ ചിത്തരഞ്ജന്‍(50 മീ. ഫ്രീസ്റ്റൈല്‍) എന്നിവര്‍ പുതിയ മീറ്റ് റെക്കോഡോടെ ഒന്നാമതെത്തിയപ്പോള്‍ 4ഃ100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യ സ്വര്‍ണം പിടിച്ചടുത്തു.
പുരുഷന്മാരുടെ ഹൈജമ്പില്‍ ഹരിശങ്കര്‍ റോയ് ആണ് സ്വര്‍ണം നേടിയത്. ഈയിനത്തിലെ രണ്ടാം സ്ഥാനം മലയാളിയായ നിഖില്‍ ചിത്തരശിനാണ്. ചരിത്രത്തിലാദ്യമായി പാകിസ്താനില്‍ നിന്നുള്ള താരം വേഗമേറിയ വനിതാതാരമാവുന്നതിന് ബംഗബന്ധു നാഷണല്‍ സ്റ്റേഡിയം സാക്ഷിയായി. നസീമ ഹമീദാണ് 11.81 സെക്കന്‍ഡില്‍ ഓടിയെത്തി വേഗമേറിയ വനിതയായത്. 200 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ അബ്ദുള്‍ നജീബ് ഖുറേഷിയെ അട്ടിമറിച്ച് ശ്രീലങ്കയുടെ ഷെഹാന്‍ സെയ്‌റുവാന്‍ അബേപിതിയഗെ വേഗമേറിയ പുരുഷതാരമായി (10.46 സെ.).
ഗെയിംസ് ചൊവ്വാഴ്ച സമാപിക്കാനിരിക്കെ 85 സ്വര്‍ണമുള്‍പ്പെട 164 മെഡലുമായി ഇന്ത്യ ബഹുദൂരം മുന്നിലാണ്. 18 സ്വര്‍ണമടക്കം 77 മെഡലുള്ള പാകിസ്താനാണ് രണ്ടാമത്. ആതിഥേയരായ ബംഗ്ലാദേശ് 18 സ്വര്‍ണമുള്‍പ്പെടെ 95 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ്.