വിവ കേരള എയര്‍ ഇന്ത്യയെ പറത്തി
Posted on: 09 Feb 2010
കണ്ണൂര്‍: നായനാര്‍ ഫുട്‌ബോളിന്റെ ആദ്യ ദിവസം അമിത ആത്മവിശ്വാസം ആലസ്യത്തിലേക്ക് നയിച്ച് മുഹമ്മദന്‍സുമായി സമനില വഴങ്ങേണ്ടി വന്ന വിവ കേരള രണ്ടാംദിനത്തില്‍ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യമുറപ്പിച്ച് എയര്‍ ഇന്ത്യയെ തറപറ്റിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മൂന്നുമിനുട്ട് മുന്‍പ് വിവ ക്യാപ്റ്റന്‍ സി. സിറാജുദ്ദീന്‍ ഫ്രീ കിക്കിലൂടെ നേടിയ അതിമനോഹരമായ ഗോളിന് പകരം നല്‍കാന്‍ എയര്‍ ഇന്ത്യയുടെ കൈയ്യില്‍ മൂര്‍ച്ചയേറിയ ആയുധമൊന്നുമുണ്ടായില്ല. ഈ ഒരേയൊരു ഗോളിന് വിവ വിജയതീരമണഞ്ഞു (1-0).
കളം നിറഞ്ഞാടിയ വിവയുടെ പത്താം നമ്പറുകാരന്‍ റുബിന്‍ സെന്യോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് വിവ ക്യാപ്റ്റന്‍ സി.സിറാജുദ്ദീന്‍ ലക്ഷ്യത്തിലേക്ക് പായിച്ചത്. 20 വാരയോളം ദൂരെ നിന്ന് പറന്നുയര്‍ന്ന പന്ത് എയര്‍ ഇന്ത്യയുടെ പ്രതിരോധ മതിലിന് മുകളിലൂടെ ഉയര്‍ന്ന് അളന്നുമുറിച്ച പോലെ ഗോളിയെയും കടന്ന് വലയില്‍ പതിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ ഹര്‍ഷാരവം മുഴക്കി.
കളി തുടങ്ങി 20 മിനിറ്റോളം എയര്‍ ഇന്ത്യയുടെ നീക്കങ്ങള്‍ കണ്ടു പഠിക്കുകയായിരുന്നു കോച്ച് ശ്രീധരന്റെ കുട്ടികള്‍. പിന്നെ പ്രതിരോധം വിടാതെയുള്ള ആക്രമണത്തിന്റെ കെട്ടഴിച്ചുവിടല്‍. പടര്‍ന്നു കളിച്ച ഘാനക്കാരന്‍ റുബിന്‍ സെന്യോയെ ചെറുക്കാന്‍ അരയും തലയും മുറുക്കി എയര്‍ ഇന്ത്യക്കാര്‍ വട്ടമിട്ടു പറന്നപ്പോള്‍ ഫൗളും ഫ്രീകിക്കും ഗോളുമായിരുന്നു ഫലം. ഇടക്കിടെ ചെറിയ തോതില്‍ ചവിട്ടും കുത്തും ഇരു ടീമുകളും പുറത്തെടുത്ത കളിയില്‍ ഇരു ഭാഗത്തെയും ഓരോ കളിക്കാരന്‍ മഞ്ഞക്കാര്‍ഡ് കണ്ടു.
രണ്ടാം പകുതിയില്‍ മറുപടിഗോളിനായി എയര്‍ ഇന്ത്യ പൊരുതിക്കളിച്ചു. എന്നാല്‍ തലേദിവസത്തെ പാഠമുള്‍ക്കൊണ്ട് വിവ പ്രതിരോധ കോട്ട പണിതു. നൈജീരിയന്‍ താരം ബെല്ലോ റസാക്കിന്റെ നേതൃത്വത്തില്‍ അമര്‍വന്ത്‌സിങ്, നൗഷാദ് എന്നിവരെ നിര്‍ത്തി വിവ ഗോള്‍മുഖത്ത് പരിച പണിതു. എയര്‍ ഇന്ത്യയുടെ ആയുധങ്ങളാവട്ടെ പുറത്തെടുക്കും മുന്‍പേ ചതഞ്ഞു പോകുന്നതാണ് കണ്ടത്. വിവയുടെ ഗോള്‍മുഖത്തേക്ക് ചീറി വന്ന ഗോളെന്നുകരുതിയ മൂന്നു പന്തുകള്‍ ബെല്ലോ റസാക്കിന്റെ കാലുകള്‍ രക്ഷപ്പെടുത്തി. ബെല്ലോ കാണികളുടെ ഹരവും മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനുമായി. രണ്ടാം പകുതിയില്‍ 35-ാം മിനുട്ടില്‍ മാത്രമാണ് നല്ലൊരുഗോളവസരം എയര്‍ ഇന്ത്യയ്ക്കു ലഭിച്ചത്. എന്നാല്‍ ആ അടി വിവ ഗോളി ശരത് നെഞ്ചോടുചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്‌ബോളിലെ ജേതാക്കളായ എയര്‍ ഇന്ത്യ അങ്ങനെ ആദ്യകളിയില്‍ തന്നെ പരാജിതരായി. പ്രതിരോധത്തിന്റെ മികവില്‍ വിവ വിജയ തീരത്തേക്കും. ഒരു സമനിലയും ഒരു ജയവും നേടിയ വിവയ്ക്ക് നാലുപോയന്റായി.
ഇന്നത്തെ കളി
മുംബൈ എഫ്.സി.xഎയര്‍ ഇന്ത്യ 6.00