IST:


ഹോം   വെബ്‌സ്‌പെഷ്യല്‍  

ജര്‍മന്‍ വസന്തത്തിന് നിസ്റ്റല്‍റോയി
Posted on: 01 Feb 2010



ഗോള്‍വേട്ടക്കാരനായ മാന്ത്രികനെന്ന വിശേഷണമാണ് ഡച്ച് ഫുട്‌ബോള്‍ താരം റുഡ് വാന്‍ നിസ്റ്റല്‍റോയിക്കു ചേരുക. യൂറോപ്പില്‍ കളിച്ച എല്ലാ ലീഗിലും ടോപ്‌സ്‌കോറര്‍. ചാമ്പ്യന്‍സ് ലീഗില്‍ മൂന്നു തവണ ടോപ്‌സ്‌കോറര്‍. ചാമ്പ്യന്‍സ് ലീഗില്‍ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍വേട്ടക്കാരനെന്ന ബഹുമതി. പെനാല്‍റ്റി ബോക്‌സില്‍ എതിരാളികളുടെ പേടിസ്വപ്‌നം. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കുന്നതില്‍ ബഹുമിടുക്കന്‍. നിസ്റ്റല്‍റോയിക്കുള്ള വിശേഷണങ്ങള്‍ അനവധിയാണ്.

ദൈവം കൈവച്ചനുഗ്രഹിച്ച കാലുകളുള്ള നിസ്റ്റല്‍റോയി ഹോളണ്ടില്‍ പി.എസ്.വി. ഐന്തോവന്‍, ഇംഗഌണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്‌പെയിനില്‍ റയല്‍ മാഡ്രിഡ് ടീമുകള്‍ക്കൊപ്പം രചിച്ച വീരകഥകളിലൂടെയാണ് സൂപ്പര്‍ താരപദവിയിലേക്കുയരുന്നത്. ജനവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റയലില്‍ നിന്ന് ജര്‍മന്‍ ക്ലബ്ബ് എസ്.വി. ഹാംബര്‍ഗിലേക്ക് കൂടുമാറിയതോടെ യൂറോപ്പിലെ നാലാം അധ്യായത്തിനാണ് നിസ്‌ററല്‍ റോയി തുടക്കമിടുന്നത്. പക്ഷേ, കഴിഞ്ഞ മൂന്നു തവണത്തേതുപോലെ അത്ര തിളക്കമുള്ള ട്രാന്‍സ്ഫറല്ല ഇതെന്നു മാത്രം.

പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ഏതാണ്ട് പൂര്‍ണമായി നിസ്റ്റല്‍റോയിക്കു നഷ്ടമായിരുന്നു. പുതിയ സീസണിന്റെ ആദ്യ പാദത്തിലും റയലിന്റെ സൈഡ് ബഞ്ചില്‍ തന്നെയായിരുന്നു ഡച്ച് താരത്തിന്റെ സാന്നിധ്യം. ഒന്നോ രണ്ടോ തവണ പകരക്കാരനായി ഇറങ്ങിയെങ്കിലും തിളങ്ങാനുമായില്ല.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റാഞ്ചിയ സൂപ്പര്‍ സ്‌ട്രൈക്കറോട് ടീം വിടാന്‍ റയല്‍ മാഡ്രിഡില്‍ ആരും പറഞ്ഞില്ലെന്നതാണ് വാസ്തവം. ഓള്‍ഡ് ട്രാഫോഡില്‍ നിന്നും എത്തിയതിനു പിന്നാലെ ഗോള്‍വേട്ട തുടങ്ങിയ നിസ്റ്റല്‍റോയി ബെര്‍ണാബുവിലെ ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു.

ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ തുടങ്ങുന്ന ലോകകപ്പാണ് റയലില്‍ നിന്നും പുറത്തു ചാടാന്‍ നിസ്റ്റല്‍റോയിയെ പ്രേരിപ്പിച്ച ഘടകമെന്നു വ്യക്തമാണ്. ഗോണ്‍സാലോ ഹിഗ്വയിന്‍, ക്യാപ്റ്റന്‍ റൗള്‍ ഗോണ്‍സാലസ്, കരിം ബെന്‍സാമ തുടങ്ങിയവര്‍ അണിനിരക്കുന്ന റയല്‍ മാഡ്രിഡ് നിരയില്‍ ആദ്യ ഇലവനില്‍ ഇനി സ്ഥാനം പിടിക്കുക ഇനി ബുദ്ധിമുട്ടാണ്. ആദ്യ ഇലവനില്‍ കളിക്കാന്‍ സാധ്യതയുള്ള ഒരു ടീമിലേക്കുള്ള കൂടുമാറ്റം ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇതനുസരിച്ചാണ് ജനവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബെര്‍ണാബുവില്‍ നിന്നും പുറത്തു കടക്കാനുള്ള ശ്രമം താരം ആരംഭിച്ചത്.

നിസ്റ്റല്‍റോയിയെ ടീമിലെടുക്കാന്‍ അവസരമുണ്ടെന്നറിഞ്ഞതോടെ നിരവധി ക്ലബ്ബുകള്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ രംഗത്തെത്തിയിരുന്നു. പ്രീമിയര്‍ ലീഗ് ടീമുകളായ ടോട്ടനം ഹോട്‌സ്​പറും വെസ്റ്റ്ഹാം യുണൈറ്റഡും ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് ഹാംബര്‍ഗ് ഡച്ച് താരത്തെ റാഞ്ചിയത്.

മുപ്പത്തിമൂന്നാം വയസ്സില്‍ കരിയറിലെ രണ്ടാം വരവിനുള്ള അവസരമായാണ് ജര്‍മന്‍ ലീഗിലെത്തിയതിനെ നിസ്റ്റല്‍റോയി കാണുന്നത്. അറ്റാക്കിങ് ഫുട്‌ബോള്‍ കളിക്കുന്ന ഹാംബര്‍ഗില്‍ മുന്നണിപ്പോരാളിയാകാനുള്ള അവസരമാണ് നിസ്‌ററല്‍ റോയിക്കു ലഭിച്ചിരിക്കുന്നത്. ഡച്ച്, പ്രീമിയര്‍, സ്​പാനിഷ് ലീഗുകളില്‍ ടോപ് സ്‌കോറര്‍ പദവി നേടിയിട്ടുള്ള ഒരേയൊരു താരമാണ് നിസ്റ്റല്‍റോയി. ജര്‍മന്‍ ലീഗിലും ഇതേ ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് താരം. 2001 വരെയാണ് ഡച്ച് താരത്തിന് ഹാംബര്‍ഗുമായി കരാറുള്ളത്.

ജര്‍മനിയിലെ വാസത്തിനുശേഷം ജന്‍മനാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന നിസ്റ്റല്‍റോയി തന്നെ താരമാക്കിയ ഐന്തോവനുവേണ്ടി ബൂട്ടുകെട്ടിയാണ് കളിക്കളത്തോട് വിടപറയാന്‍ ആഗ്രഹിക്കുന്നതും.
SocialTwist Tell-a-Friend
View Comments:
jessy (cochin) writes...

he is good player
Posted on: July 15, 2010, 6:13 am
Sreedhar (Chennai) writes...

not 2001 ,maybe 2011.... Please editor, do a better job...
Posted on: May 14, 2010, 2:15 am
( Page 1 of 1 )

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.