ദേശീയ സംഘടനകളും ആഗോള താരങ്ങളും
Posted on: 25 Jan 2010
അഭിനവ് ബിന്ദ്രയ്ക്ക് ഇത്തവണയും ഉന്നംതെറ്റിയില്ല. ബിന്ദ്ര എങ്ങോട്ടു തോക്കുതിരിച്ചുവെച്ചാലും അത് നിയമവിരുദ്ധമാണെന്ന് തെളിയിക്കാന്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ തയ്യാറായിരുന്നു. സെലക്ഷന്‍ ട്രയല്‍സില്‍ ബിന്ദ്ര പങ്കെടുത്തില്ലെങ്കില്‍ ബിന്ദ്രക്കെതിരെ നടപടിയെടുക്കാം. പങ്കെടുക്കാന്‍ കൃത്യസമയത്ത് വന്നാല്‍ ട്രയല്‍സ് നീട്ടിവെച്ചു എന്നറിയിച്ച് തിരിച്ചയക്കാം. ഇനി കാത്തുകെട്ടിയിരുന്ന് ട്രയല്‍സില്‍ പങ്കെടുത്തു എന്നുതന്നെ കരുതുക, മോശം തോക്ക് കൊടുത്ത് ഉന്നം തെറ്റിക്കാം. ഇനി ഒന്നും നടന്നില്ലെന്ന് കരുതുക, ഇത്രയും കാലത്തെ ഇന്ത്യന്‍ അനുഭവങ്ങള്‍ മതി ബിന്ദ്രയുടെ ലോകനിലവാരം ഇല്ലാതാക്കാന്‍. ലോകനിലവാരത്തില്‍ നിന്ന് ലോക്കല്‍ നിലവാരത്തിലേക്ക് താഴ്ന്നാല്‍ ബിന്ദ്രയെ ലോക്കല്‍ കമ്മിറ്റിക്കുതന്നെ പിടികൂടാം.
അങ്ങനെ എന്തൊക്കെ സ്വപ്‌നങ്ങളായിരുന്നു! പക്ഷേ, ബിന്ദ്ര പറ്റിച്ചുകളഞ്ഞു. തോക്ക് സ്വന്തം തലയ്ക്കുനേരെ തിരിച്ചുവെച്ച് ''ഞാനിതാ പോയ്ക്കളയും'' എന്ന് നാട്ടുകാര്‍ക്ക് കേള്‍ക്കാവുന്ന ഉച്ചത്തില്‍ വിളിച്ചുപറയും എന്ന് ആരെങ്കിലും കരുതിയോ? അതോടെ നാട്ടുകാര്‍ ഇളകി, മാധ്യമങ്ങള്‍ ഇളകി. ജനങ്ങള്‍ ഒന്നടങ്കം ബിന്ദ്രയുടെ ഭാഗത്ത്. റൈഫിള്‍ നേരാംവണ്ണം പിടിക്കാന്‍ അറിയാത്തവര്‍ക്ക് ബിന്ദ്രയോട് കല്പിക്കാന്‍ എന്തധികാരം എന്ന ചോദ്യം ഉയര്‍ന്നു. ബിന്ദ്രയെ ബിന്ദ്രയാക്കിയതില്‍ റൈഫിള്‍ അസോസിയേഷന്റെ പങ്കെന്താണെന്ന് നാട്ടുകാര്‍ക്കറിയാം. ധനാഢ്യനായ അച്ഛന്‍ സ്‌നേഹത്തോടെ വീട്ടില്‍ ഒരുക്കിത്തന്ന ലോകനിലവാരമുള്ള ഷൂട്ടിങ്ങ് റെയ്ഞ്ചില്‍ രാപ്പകല്‍ അധ്വാനിച്ചാണ് ബിന്ദ്ര ഒളിമ്പിക്്‌സ് സ്വര്‍ണം നേടിയത്. ബിന്ദ്ര ഷൂട്ടിങ്ങ് രംഗം വിടുമെന്ന വാര്‍ത്ത വന്നതും നാട്ടുകാര്‍ ബഹളമുണ്ടാക്കിയതും മണിക്കൂറുകള്‍ കൊണ്ടായിരുന്നു. അപ്പോള്‍ ക്ഷമാപണ സ്വരത്തിലായി റൈഫിള്‍ അസോസിയേഷന്റെ സ്വരം: ''ഞങ്ങള്‍ എന്തു ചെയ്യാനാണ്. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്താലേ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തൂ എന്നത് നിയമമാണ്. അങ്ങനെ നിയമമുള്ള സ്ഥിതിക്ക് ആ നിയമത്തിന്റെ നടത്തിപ്പുകാരായ ഞങ്ങള്‍ക്ക് അത് ലംഘിക്കാനാവുമോ? മുകളില്‍ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം ഞങ്ങളെ നോക്കിയിരിക്കുകയല്ലേ?'' എത്ര ന്യായമായ ചോദ്യം!
അപ്പോളല്ലേ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വിശദീകരണം വന്നത്: ''ബിന്ദ്ര ശരിക്കും മറ്റൊരു തലത്തിലുള്ള കളിക്കാരനാണ്. വകുപ്പും നിയമവും പറഞ്ഞ് അദ്ദേഹത്തിന്റെ മനസ്സ് വിഷമിപ്പിക്കാന്‍ ഇടവരുത്തരുത്'' ഇതുകൂടി മന്ത്രാലയത്തിന്റെ ഒരു വക്താവ് കൂട്ടിച്ചേര്‍ത്തു: ''നിയമങ്ങള്‍ കാരണം ഇന്ത്യയിലെ മികച്ച ഷൂട്ടര്‍മാര്‍ക്ക് പുറത്തിരിക്കേണ്ട ഗതിയാവുകയാണെങ്കില്‍ നിയമങ്ങളാണ് മാറ്റേണ്ടത്!'' ചുറ്റോടുചുറ്റും നീട്ടിപ്പിടിച്ച തോക്കുകള്‍ക്ക് നടുവിലായിപ്പോയി റൈഫിള്‍സ് അസോസിയേഷന്‍.
റൈഫിള്‍ റെയ്ഞ്ചില്‍ ഇതൊക്കെ സംഭവിക്കുമ്പോള്‍ ദേശീയ ഹോക്കി രംഗം വടിപ്പയറ്റില്‍ പൊടിപാറുകയായിരുന്നു. കളിക്കാരുടെ പ്രതിഫലമാണ് അവിടെ പ്രശ്‌നം. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ നക്കാപ്പിച്ച പ്രതിഫലത്തിന് ഹോക്കി കളിക്കാന്‍ വയ്യെന്ന് കളിക്കാര്‍ വാശിപിടിച്ചു. ക്രിക്കറ്റ് കളിക്കാര്‍ ബോളിവഡ് താരങ്ങളെപ്പോലെ വിലസുമ്പോള്‍ ടെന്നിസുകളിക്കാര്‍ ഡോളര്‍ നോട്ടുകള്‍ പ്ലാവില കുത്തി നടക്കുമ്പോള്‍ ഇന്ത്യന്‍ ഹോക്കി കളിക്കാര്‍ക്ക് ഇപ്പോഴും പതിറ്റാണ്ടുകള്‍ക്കുമുമ്പുള്ള റേഷനരിയും തൊഴിലില്ലായ്്മ വേതനവുമാണ് കിട്ടുന്നത്.
കളിക്കാര്‍ ആവശ്യപ്പെട്ടത് ഇത്രയുമാണ്. ഇന്ത്യയിലെ പരിശീലന ദിവസങ്ങളില്‍ ഓരോ ദിവസവും അഞ്ഞൂറു രൂപ, വിദേശ പര്യടനക്കാലത്ത് നൂറുഡോളര്‍ കളിയൊന്നിന് 15,000 രൂപ. കൂടാതെ പ്രതിവര്‍ഷ പ്രതിഫലമായി കാറ്റഗറി 'എ' കളിക്കാര്‍ക്ക് 12 ലക്ഷം രൂപ, കാറ്റഗറി 'ബി'ക്കാര്‍ക്ക് 10 ലക്ഷം, 'സി'ക്കാര്‍ക്ക് 8 ലക്ഷം. ഇതു മുഴുവന്‍ കൊടുത്തിരുന്നെങ്കിലും ക്രിക്കറ്റ് കളിക്കാരുടെയും ടെന്നീസ് കളിക്കാരുടെയും വരുമാനത്തിന്റെ പത്തിലൊന്ന് പോലും വരില്ലെന്ന് ആര്‍ക്കുമറിയാം. മാത്രമല്ല, ഇത് കളിക്കാര്‍ മുന്നോട്ടുവെച്ച ആവശ്യമാണ്. അവസാന തീരുമാനം ഇതിലും വളരെ താഴെയാകുമെന്ന് അറിയാവുന്നതുകൊണ്ട് കുറച്ചുകൂട്ടിപ്പറഞ്ഞ പ്രതിഫലത്തുകയാണിത്. ഉടനെ മറുപടി വന്നു. ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് എ.കെ. മാറ്റൂ പറഞ്ഞത് ''പരമാവധി 25000 രൂപ അങ്ങോട്ടു തരും. അത് ഐശ്വര്യമായി സ്വീകരിച്ച് പിരിഞ്ഞുപോകണം, ഭണ്ഡാരത്തില്‍ അത്രക്കുള്ള വകയേ ഉള്ളൂ''.
ഒടുവില്‍ ഹോക്കി കളിക്കാരും വിരമിക്കല്‍ ഭീഷണി ഉയര്‍ത്തി. ഇന്ത്യയ്്ക്ക് വേണ്ടി ലോകനിലവാരത്തില്‍ ഹോക്കി കളിക്കാന്‍ ആളെ കിട്ടില്ല എന്നുറപ്പായപ്പോള്‍ കല്‍മാഡി ഇടപെട്ടു. സഹാറ എന്ന സ്‌പോണ്‍സര്‍മാര്‍ നല്‍കിയ ഒരു കോടി രൂപ കളിക്കാരുടെ പ്രതിഫലമായി വീതിക്കാം എന്ന നിര്‍ദ്ദേശം അദ്ദേഹം വെച്ചു. ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കിലും തീരെ മോശമല്ലാത്ത പ്രതിഫലം കിട്ടിയ കളിക്കാര്‍ പോരവസാനിപ്പിച്ചു. ഏറ്റവും ഒടുവില്‍ 'മനംമടുത്ത' 'ഹോക്കി ഇന്ത്യ' പ്രസിഡന്റ് മറ്റൂ രാജിവെക്കുകയും ചെയ്തു.
ഇന്ത്യയിലെ മിക്കവാറും എല്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനുകളും കളിക്കാരും തമ്മിലുള്ള ബന്ധം ഏകദേശം ഇങ്ങനെയൊക്കെത്തന്നെ.
ചെസ് അസോസിയേഷന്‍ ജി.എന്‍. ഗോപാലിനെതിരെ നടത്തുന്ന കരുനീക്കങ്ങളെക്കുറിച്ച് ഇതേ പംക്തിയില്‍ ലേഖകന്‍ എഴുതിയിരുന്നതാണ്. ആദ്യമേ പറയട്ടെ, ഈ പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാതല്‍ വ്യക്തിപരമായ അഹന്തയും മറ്റുമല്ല. രണ്ടു ലോകത്ത് ജീവിക്കുന്നവരാണ് ഇന്നത്തെ കളിക്കാരും അസോസിയേഷനുകളും എന്നതാണ് പ്രധാന പ്രശ്‌നം. രണ്ടു ലോകത്ത് എന്നും രണ്ടുകാലത്ത് എന്നും പറയാം. ദേശീയ സ്‌പോര്‍ട്‌സ് അസോസിയേഷന്റെ അതിര്‍ത്തി രാജ്യത്തിന്റെ അതിര്‍ത്തിയാണ്. എന്നാല്‍ ഇന്നത്തെ കായികതാരങ്ങള്‍ ലോകത്തെയാണ് സ്വന്തം ഭൂമിയായി കരുതുന്നത്. ദേശീയതയുടെ കാലവും ആഗോളീകരണത്തിന്റെ കാലവും തമ്മിലാണ് ഇവരിലൂടെ ഏറ്റുമുട്ടുന്നത്. ഇന്ന് നിലവാരം കുറഞ്ഞ താരങ്ങളും അന്തര്‍ദേശീയ നിലവാരത്തെക്കുറിച്ചും പരിശീലന സൗകര്യങ്ങളെക്കുറിച്ചുമാണ് ആലോചിക്കുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍പോലും ഓസ്ട്രിയന്‍ വയലിനും ജാപ്പനീസ് കീബോഡും കൊണ്ടുവരുന്ന കാലമാണിത്. പണമില്ലെങ്കില്‍ കടം മേടിച്ചും ഈ ഉപകരണങ്ങളും അന്തര്‍ദേശീയ നിലവാരവും അവര്‍ നേടാന്‍ ശ്രമിക്കും. കളി കാണുന്ന പൊതുജനങ്ങളും മാധ്യമങ്ങളിലൂടെ ആഗോള പൗരന്മാരായിട്ടുണ്ട്. ദേശീയ ഫുട്‌ബോള്‍ ലീഗിനേക്കാള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിനിടയില്‍ ദേശീയ അതിര്‍ത്തികളും ദേശീയ നിയമങ്ങളും കൊണ്ടുവരുന്ന അസോസിയേഷന്‍ പ്രതിനിധികള്‍ പഴയകാലത്തിന്റെ പ്രതിനിധികളായി മാറുന്നു. ഇന്ത്യയിലെ നാട്ടിന്‍പുറങ്ങളിലെ ദരിദ്രാവസ്ഥയില്‍നിന്ന് കളിക്കാരെ ദേശീയ നിലവാരത്തില്‍ എത്തിക്കുക എന്നത് മഹത്തായ കാര്യം തന്നെയാണ്. പക്ഷേ, ദേശീയത അവസാനത്തെ അതിര്‍ത്തിയാക്കി വേലികെട്ടുന്നതാണ് പ്രശ്്‌നം.
മറ്റ് രാജ്യങ്ങളിലും ദേശീയതയും അന്തര്‍ദേശീയതയും തമ്മിലുള്ള വടംവലികള്‍ ഉണ്ട്. പക്ഷേ, സ്‌പോര്‍ട്‌സില്‍ ഉയരുന്ന മിക്ക രാജ്യങ്ങളിലും സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ അന്തര്‍ദേശീയ പരിപ്രേക്ഷ്യത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ഉദാഹരണം പറയാം. അടുത്ത ലോകകപ്പ് ഫുട്‌ബോളിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് ഓസ്‌ട്രേലിയയുടെ പുതിയ കോച്ച് പിംവെര്‍ബീക്കും ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും ഓസ്‌ട്രേലിയയിലെ ദേശീയ ലീഗില്‍ നിന്നുള്ള കളിക്കാരെ കണ്ടപ്പോള്‍ പിംവെര്‍ബീക്ക് ആദ്യമേ ഒരു കാര്യം പറഞ്ഞു: ഇവര്‍ക്ക് ലോക നിലവാരം ഉണ്ടെന്ന് തോന്നുന്നില്ല. യൂറോപ്യന്‍ ക്ലബുകളില്‍ കളിച്ചു ശീലമുള്ള ഓസ്‌ട്രേലിയന്‍ വംശജരെക്കൂടി ഉള്‍പ്പെടുത്തി ടീമിനെ ശരിക്കും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തണം. പിംവെര്‍ബീക്കിന്റെ ആവശ്യം അസോസിയേഷനും ഓസ്‌ട്രേലിയന്‍ ജനതയും അംഗീകരിച്ചു. അതോടെ ദേശീയ ലീഗിലെ കളിക്കാരും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമം തുടങ്ങി. ഇതിന്റെയൊക്കെ ഫലം ഓസ്‌ട്രേലിയന്‍ ഫുട്‌ബോളിന്റെ സമഗ്രമായ ഉയര്‍ച്ചയാണ്. എന്തുകൊണ്ട് ഇത്തരമൊരു മനഃപരിവര്‍ത്തനത്തിന് ഇന്ത്യയിലെ സ്‌പോര്‍ട്‌സ് അധികാരികള്‍ തയ്യാറാവുന്നില്ല.
ഇന്ത്യയില്‍ സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയ്ക്ക് വേണ്ടത്ര സൗകര്യമില്ലെന്ന് കളിക്കാര്‍ പരാതിപ്പെട്ടാല്‍ സൗകര്യങ്ങള്‍ വേണ്ടത്രയുള്ള വിദേശരാജ്യങ്ങളില്‍ എത്തിക്കലാവണം അസോസിയേഷന്റെ ശ്രമം. അഭിനവ് ബിന്ദ്രയോട് ജര്‍മനിയില്‍ത്തന്നെ തുടരാന്‍ പറയണം. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗിലെ 'സി' ഡിവിഷനിലെങ്കിലും ഇന്ത്യന്‍ കളിക്കാരെ എത്തിക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ശ്രമിക്കണം. അങ്ങനെ ഓരോ അസോസിയേഷനും ചെയ്യട്ടെ. ഇതുകൊണ്ടൊക്കെ മസ്തിഷ്‌കചോര്‍ച്ച (Brain drain) പോലുള്ള പ്രശ്‌നം ഉണ്ടാവില്ലേ എന്നു ചോദിച്ചാല്‍ മറുപടി ഇതാണ്. Brain drain നു ശേഷം Brain gain എന്ന സാമൂഹികാനുഭവം ഉണ്ടെന്നാണ് ഇന്ന് സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഇന്ത്യയില്‍ നിന്ന് മിടുക്കന്മാരും മിടുക്കികളും പോകുന്നതാണ് മസ്തിഷ്‌കചോര്‍ച്ച. പക്ഷേ, കുറെ കാലത്തിനുശേഷം ഇവര്‍ തിരിച്ച് ഇന്ത്യയിലേക്ക് വരും. അപ്പോള്‍ അന്തര്‍ദേശീയമായ നിലവാരം അവരിലൂടെ ഇന്ത്യയ്ക്ക് കിട്ടും. ഇതാണ് Brain gain. അതിനാല്‍ ഇന്ന് മിടുക്കന്മാരെ വിദേശത്തേക്ക് അയക്കുന്നത് നാളത്തെ നേട്ടമാകുമെന്ന് ചുരുക്കം.
ഇതൊക്കെ മനസ്സിലാവുന്നവര്‍ അസോസിയേഷനുകളുടെ തലപ്പത്തെത്തിയിരുന്നെങ്കില്‍!
bob houghton tried on the same way as australians.but Michel chopra is not intersted,he want to play for england only.all others are same level
Posted on: February 9, 2010, 2:03 am