IST:


ഹോം   വെബ്‌സ്‌പെഷ്യല്‍  

ഇതും രാജ്യതാല്‍പര്യമോ?
Posted on: 25 Jan 2010



സമാധാനവും സാഹോദര്യവും സമത്വവും ലോകമെമ്പാടുമുള്ള ജനകീയ സംഘടനകളുടെ മുദ്രാവാക്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. സര്‍വ്വ സംഘടനകളുടേയും പ്രഖ്യാപിത മാര്‍ഗ്ഗവും ലക്ഷ്യവും ഇതൊക്കെയാണ്. ഇന്ന് ലോകത്തുള്ള വിവിധ കായിക സംഘടനകളും ഉയര്‍ത്തിപ്പിടിക്കുന്നത് ഈ മുദ്രാവാക്യങ്ങള്‍ തന്നെ. സ്‌പോര്‍ട്‌സ് കൊണ്ട് മനുഷ്യരാശിക്ക് എന്തു പ്രയോജനമെന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ നമ്മള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മറുപടിയിലും ഈ വാക്കുകള്‍ ഉയര്‍ന്നു വരും. പക്ഷെ എല്ലാ മൂല്യങ്ങള്‍ക്കും മീതെ പണമെന്ന 'പരുന്ത്' വട്ടമിട്ടു പറക്കാന്‍ തുടങ്ങിയതോടെ ഇത്തരം വാദങ്ങള്‍ അപ്രസക്തമാവുകയാണ്. കളിക്കാര്‍ക്കും സംഘാടകര്‍ക്കും അവരുമായി ബന്ധം പുലര്‍ത്തുന്ന സ്‌പോണ്‍സര്‍മാര്‍ക്കും പണം ലഭിക്കാനുള്ള ഒരു ഉപാധി മാത്രമായി സ്‌പോര്‍ട്‌സ് ചുരങ്ങുന്നു. സ്‌പോര്‍ട്‌സ്മാന്‍ സ്​പിരിറ്റ് എന്നത് വെറും 'സ്​പിരിറ്റ്' മാത്രമായി അവശേഷിക്കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിവിധ ടീമുകള്‍ക്ക് (അതോ ഫ്രാഞ്ചൈസികളോ ?) കളിക്കാരെ ലേലം ചെയ്തു നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും ഈയൊരു പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍.

സംഗതി ഇത്രയേയുള്ളൂ. ലീഗിലെ വിവിധ ടീമുകള്‍ക്ക് പുതിയ താരങ്ങളെ ലഭ്യമാക്കുന്നതിന് നടത്തിയ ലേലത്തിലേക്ക് പാകിസ്താന്‍കാരായ ഏതാനും അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ കൂടി ക്ഷണിച്ചിരുന്നു. നിലവിലെ ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്‍മാരായ പാക് ടീമിലെ സൂപ്പര്‍ താരങ്ങള്‍ കൂടി കളിക്കാനെത്തുന്നതോടെ ഐ.പി.എല്ലിന്റെ താരമൂല്യം, വിപണന സാധ്യത ഉയരും. സോദ്ദേശപരമായ ഒരു നീക്കം, സംശയമില്ല. ലേലത്തിന് അരങ്ങുയരുമ്പോള്‍ ക്രിക്കറ്റ് നിരൂപകര്‍ പ്രവചിച്ചു, ഇത്തവണ ഏറ്റവും ഉയര്‍ന്ന തുകക്ക് കരാറുറപ്പിക്കുന്ന കളിക്കാരന്‍ ഷീഹിദ് അഫ്രീദിയാവും. അല്ല ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ഏറ്റവും അധികം വിക്കറ്റെടുത്ത സുഹൈല്‍ തന്‍വീറാവും ആ ഭാഗ്യവാന്‍ എന്ന് മറ്റു ചിലരും വാദിച്ചു. പക്ഷെ, സംഭവിച്ചതോ ലേലത്തില്‍ പങ്കെടുത്ത ഒരു ഫ്രാഞ്ചൈസി പോലും ഒരു പാക് താരത്തിനും വില പറഞ്ഞില്ല. അഫ്രീദിയേയും തന്‍വീറിനേയും അബ്ദുള്‍ റസാഖിനേയും ആര്‍ക്കും വേണ്ട. ഇതെന്ത് പുകിലെന്ന് ക്രിക്കറ്റ് ആരാധകര്‍ ന്യായമായും സംശയിച്ചിരുന്നിരിക്കണം. പക്ഷെ, ഈ സംശയം പ്രതിഷേധവും വിവാദവുമായി വളരാന്‍ അധിക സമയം വേണ്ടി വന്നില്ല. ഐ.പി.എല്‍. അധികൃതര്‍ തന്നെ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു പാക് താരത്തേയും ഫ്രാഞ്ചൈസികള്‍ വിളിച്ചെടുക്കാതിരുന്നതെന്ന് വൈകാതെ വാര്‍ത്ത വന്നു. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന പാകിസ്താന്‍കാരെ ഇന്ത്യയില്‍ നടക്കുന്ന ലീഗിലേക്ക് ക്ഷണിക്കാതിരുന്നത് ഏറെ നന്നായെന്നും രാജ്യതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കപ്പെട്ടുവെന്നും പലരും വിലയിരുത്തി.

പക്ഷെ, അപ്പോള്‍ ഒരു സംശയം, സ്‌പോര്‍ടിസില്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യവും സമാധാനവും എവിടെ? പാക് താരങ്ങളെ ഉന്ത്യയില്‍ കളിപ്പിക്കുന്നത് രാജ്യരാല്‍പര്യത്തിന് എതിരാണെന്ന് ഒരു വാദത്തിന് വേണ്ടി സമ്മതിക്കാം. എന്നാല്‍ എന്തിനായിരുന്നു അവരെ ലേലത്തിലേക്ക് ക്ഷണിച്ചത്, ഇപ്പോള്‍ നടന്നത് അവരെ വിളിച്ചു വരുത്തി അപമാനിക്കലായില്ലേ? സത്യം, ഇപ്പോള്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ വഷളാക്കുന്നിടത്തേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ഐ.പി.എല്‍. സംഘാടകരാണ്, ലളിത് മോഡിയും കൂട്ടരുമാണ്. രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ വഷളാക്കുന്നിടത്തേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച ഇവരാണ് സത്യത്തില്‍ രാജ്യതാല്‍പര്യങ്ങള്‍ ഹനിച്ചിരിക്കുന്നത്. ഇതിന് അവര്‍ ഉത്തരം പറഞ്ഞേ മതിയാവൂ. പ്രശ്‌നം ക്രിക്കറ്റിനും സ്‌പോര്‍ട്‌സിനും അപ്പുറത്തേക്ക് വളരുകയാണ്. പാക് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് പ്രത്യേക നിര്‍ദേശം ഒരു ഫ്രാഞ്ചൈസിക്കും നല്‍കിയിട്ടില്ലെന്ന് ഐ.പി.എല്‍., ബി.സി.സി.ഐ. അധികൃതര്‍ പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അതാരും വിശ്വസിക്കില്ല.

ഇന്ത്യ-പാക് ബന്ധങ്ങള്‍ ഏറെ വഷളായ കാലത്ത് അത് ലഘൂകരിക്കാനുള്ള ഒരു ഉപാധിയായി നമ്മള്‍ ക്രിക്കറ്റിനെ കണ്ട ഒരു കാലമുണ്ടായിരുന്നു. ദീര്‍ഘമായ ഉടവേളക്ക് ശേഷം ഇന്ത്യയുടേയും പാകിസ്താന്റേയും ടീമുകള്‍ പരസ്​പര സന്ദര്‍ശനം നടത്തുകയും ആ കളി കാണാന്‍ ഇരു രാജ്യങ്ങളിയേയും ക്രിക്കറ്റ് ആരാധകര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും വിസ അനുവദിക്കുകയും ചെയ്തപ്പോള്‍ സ്‌പോര്‍ട്‌സിലൂടെ സമാധാനം പുലരുന്നുവെന്ന് നമ്മള്‍ ഉദ്‌ഘോഷിച്ചിരുന്നു. അങ്ങനെ ക്രിക്കറ്റിനും സ്‌പോര്‍ട്‌സിനും ലഭിച്ച സല്‍പേര് ഒരു സംഘം ക്രിക്കറ്റ് സംഘാടകരുടെ പിടിപ്പുകേട് മൂലം ഇവിടെ കളഞ്ഞുകുളിക്കപ്പെട്ടിരിക്കുന്നു. സ്‌പോര്‍ട്‌സിലൂടെ സാഹോദര്യവും സമാധാനവുമല്ല, മറിച്ച് സംശയവും സ്​പര്‍ധയുമാണ് ഇപ്പോള്‍ ഈ ഐ.പി.എല്‍. ലേലം വഴി ഉദ്പാദിപ്പിക്കപ്പെടുന്നത്. ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എത്ര വിജയകരമായി സംഘടിപ്പിക്കപ്പെട്ടാലും അത് എത്രത്തോളം ഉദ്‌ഘോഷിക്കപ്പെട്ടാലും പാകിസ്താനില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളെ വിളിച്ചുവരുത്തി അപമാനിച്ചയച്ചതിന്റെ കളങ്കം മായ്ച്ചു കളയാനാവില്ല. ഓര്‍ത്തുകൊള്ളുക സ്‌പോര്‍ട്‌സിന്റെ അന്ത:സത്ത ദേശത്തിനും വര്‍ണ്ണത്തിനും ഭാഷക്കും അതീതമായ സാഹോദര്യത്തിലാണ് കുടികൊള്ളുന്നത്.


SocialTwist Tell-a-Friend
View Comments:
SHAKIR (Dubai) writes...

Mr.Biju We Indians believe in LOKO SAMASTO SUKHINO BHAVANTHU;Thats why we have to think over the internal interests of narrow minded politicians in PAK issue and some one's narrow and terror nationalism..Moreover, your criticism might bi in good language..Try to be in keeping our on personality and manners in using words ( bastards,devils etc) It is evaluated not in sense of your expression of your love ,but the way how you express.Do the CRITICISM;BUT IN A LEGIBLE WAY..OK ?
Posted on: February 22, 2010, 11:00 pm
BIJU M (CHENNAI) writes...

NO, NEVER, I CAN NOT FORGET IT, I WAS IN MUMBAI WHEN THEY-THE BATARDS FROM PAKISTAN-ATTACKED MY OWN INDIA'S FINANCIAL CAPITAL.I DON'T LIKE TO SEE THEM, TO HEAR THEM, TO TASTE THEM, TO READ THEM. THEY ARE DEVILS.
Posted on: January 26, 2010, 6:40 am
( Page 1 of 1 )

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.