വാര്‍ത്താമുറിയില്‍ ഒരു അറ്റാക്കിങ് ഫുള്‍ബാക്ക്
Posted on: 17 Jan 2010
സ്‌പോര്‍ട്‌സ് പദങ്ങളില്‍ വിംസിയെ വിശേഷിപ്പിക്കുന്നതിന് കണ്ടെത്താവുന്ന ഏറ്റവും പറ്റിയ വാക്ക്ഫുട്‌ബോളിലെ അറ്റാക്കിങ് ഫുള്‍ബാക്ക് എന്നതുതന്നെയാവും. അറ്റാക്ക്, ഫുള്‍ എന്നീ രണ്ടു വാക്കുകളുള്ളതുകൊണ്ടാണ് ആ സങ്കല്‍പ്പത്തോട് പ്രിയം തോന്നുന്നത്. വാര്‍ത്താശേഖരണത്തിന് മുന്‍നിരക്കാരായി തന്റെ റിപ്പോര്‍ട്ടര്‍മാരെയും ഇടനിലക്കാരായ സബ്എഡിറ്റര്‍മാരെയും നിയോഗിച്ച അദ്ദേഹം ഇടക്കിടെ കയറിക്കളിച്ച് തന്റെ പംക്തികളിലൂടെയും ലേഖനങ്ങളിലൂടെയും താന്‍ കൊള്ളരുതായ്മകള്‍ എന്നു കരുതിയ പ്രവര്‍ത്തനങ്ങളെ നിരന്തരം ആക്രമിച്ചു പോന്നു. അദ്ദേഹത്തിന് വാര്‍ത്താജീവിതം ടോട്ടല്‍ ഫുട്‌ബോളായിരുന്നു എന്നു വേണമെങ്കില്‍ പറയാം. ദീര്‍ഘകാലം പത്രത്തിന്റെ ന്യൂസ്‌റൂമില്‍ കൈകാര്യ കര്‍ത്താവായിരുന്ന അദ്ദേഹം വാര്‍ത്താമുറിയിലെ നിലവാരം നിശ്ചയിച്ചു. മറ്റുള്ളവരെ ആ ഉയരങ്ങളിലേക്ക് എത്താന്‍ ഉന്തിയും തള്ളിയും ഇടക്കിടെ ഒച്ചയിട്ടും നിരന്തരം ശ്രമിച്ചുപോന്നു. ആ നിലക്ക് കളിക്കാരന്‍ മാത്രമല്ല പരിശീലകന്‍ കൂടിയായിരുന്നു അദ്ദേഹം. വരക്ക് പുറത്തു നിന്ന് ഒച്ച വെച്ച് നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കുന്ന പരിശീലകന്റെയും ഡിഫന്‍സിന്റെ ആഴങ്ങളില്‍ നിന്ന് കയറിവന്ന് ആക്രമിക്കുന്ന അറ്റാക്കിങ് ഫുള്‍ബാക്കിന്റെ റോളും അദ്ദേഹം ഒരേസമയം നിര്‍വഹിച്ചു.വാര്‍ത്താമുറിയുടെ ചുവരുകള്‍ക്ക് പുറത്ത് സ്‌പോര്‍ട്‌സ് ലേഖകനായി അദ്ദേഹം അറിയപ്പെട്ടു. പംക്തികളിലൂടെ പുറത്തുവന്ന അനേകം വാക്കുകള്‍ അതിന്റെ സാക്ഷ്യങ്ങളാണ്.
ഫുട്‌ബോള്‍ എത്രയോകാലമായി കേരളത്തില്‍ അടിമുടി ജനപ്രിയമായ ഒരു കളിയാണ്. പത്രങ്ങളും ഇന്ന് കാലഹരണപ്പെട്ട ദൃക്‌സാക്ഷി വിവരണങ്ങളിലൂടെ റേഡിയോയും കളി സാമാന്യജനങ്ങളുടെ അടുത്തെത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. വിശേഷിച്ചും ഫുട്‌ബോള്‍ ജനങ്ങളുടെ ഞരമ്പുകളിലൂടെ സഞ്ചരിക്കുന്ന ഒരു പ്രവാഹമായിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാനപ്പെട്ട കാരണക്കാര്‍ മേല്‍പറഞ രണ്ടു കൂട്ടരും തന്നെയാണ്. ഈ മാധ്യമങ്ങള്‍ നല്‍കിയ കളി വിവരണങ്ങളുടെ സ്വാദേറുന്ന ഓര്‍മകള്‍ ഒരു തലമുറയുടെ മനസ്സിലുണ്ടാവും. കുഗ്രാമങ്ങളില്‍ കളിവിവരങ്ങളറിയാന്‍ വൈകിവരുന്ന പത്രത്തിനു വേണ്ടി ആവേശപൂര്‍വം കാത്തിരിക്കുകയും ഒരു പേജില്‍ നിന്ന് തുടങ്ങി അടുത്ത പേജിലേക്ക് നീളുന്ന കളിയുടെ രസമൂറുന്ന വര്‍ണനകള്‍ വായിച്ചാസ്വദിക്കുകയും ചര്‍ച്ച ചെയ്ത് ആവേശം കൊള്ളുകയും ചെയ്ത ഒരു തലമുറക്ക് ഇന്ന് ജരാനരകള്‍ ബാധിച്ചിട്ടുണ്ടാകാമെങ്കിലും ആ സ്വാദ് നാവില്‍ നിന്ന് പോയിട്ടുണ്ടാവില്ല. കളിയുടെ കയറ്റിറക്കങ്ങള്‍ മാത്രമല്ല കളിക്കാരുടെ വ്യക്തിവിശേഷങ്ങളും ആ റിപ്പോര്‍ട്ടുകളില്‍ നിന്ന് അവര്‍ വായിച്ചു രസിച്ചു. ഈ ദൗത്യം നിര്‍വഹിച്ചവരില്‍ പ്രധാനി വിംസിയായിരുന്നു. പില്‍ക്കാലത്ത് ലോകകപ്പ് പോലുള്ള മത്സരങ്ങള്‍ നടക്കുന്ന കാലങ്ങളില്‍ വിദേശ ടീമുകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും അവയിലെ കളിക്കാരെക്കുറിച്ചും അദ്ദേഹം വിശദമായ വിവരങ്ങള്‍ നല്‍കി. കളിക്കാരുടെ പേരുകള്‍ ശരിയായി ഉച്ചരിക്കേണ്ടത് ഒരാവശ്യമാണന്ന് തോന്നാതിരുന്ന ഒരു കാലത്ത് അദ്ദേഹം അത്തരം സൂക്ഷ്മാംശങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തി. പെലെ ഇന്ന് സുപരിചിതമായ പേരാണെങ്കിലും മലയാളികള്‍ അദ്ദേഹത്തെ തുടക്കത്തില്‍ അറിഞ്ഞുപോന്നിരുന്നത് പീലെ എന്ന പേരിലായിരുന്നു.ഇത് ആരാണ് തിരുത്തി ശരിയാക്കിയതെന്ന് അറിഞ്ഞുകൂടാ. എങ്കിലും അതിന്റെ പിന്നില്‍ വിംസിയുടെ കൈയുണ്ടായിരിക്കണമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ഒട്ടാവക്കു പകരു ഓട്ടവയെന്ന് എഴുതാന്‍ നിര്‍ബന്ധിച്ച അദ്ദേഹം അന്തരിച്ച പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ പഴയ പേര് വൊയ്റ്റില എന്നതിനു പകരം വൊയ്റ്റീവയെന്നും എഴുതി. ചില പദങ്ങളെ അദ്ദേഹം കഠിനമായി വെറുത്തു.''ജഡം' അത്തരത്തില്‍ പെട്ട ഒന്നായിരുന്നു. ചില പത്രങ്ങള്‍ അവരുടെ സ്റ്റാന്‍ഡേര്‍ഡ് വാക്കായി ഉപയോഗിക്കുന്നു എന്നതായിരുന്നു ജഡത്തോടുള്ള വിപ്രതിപത്തിക്കു കാരണം.
കളിക്കാരുടെ പക്ഷത്തും സാധാരണക്കാരായ കാണികളുടെ പക്ഷത്തും നിലയുറപ്പിച്ചിരുന്ന അദ്ദേഹം സംഘാടനത്തിലെ പിഴവുകള്‍ക്ക് അതിന് ചുമതലപ്പെട്ടവരെ എതിര്‍ പക്ഷത്തും നിര്‍ത്തി. കളിക്കാരുടെ കളിയിലെ പോരായ്മകളെ വിമര്‍ശിക്കുന്നതു പോകട്ടെ അതേക്കുറിച്ച് ലഘുവായി പരാമര്‍ശിക്കുന്നതു പോലും നന്നെ കുറഞുകൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടാണ് ഇപ്പോഴുള്ളത്. കളിക്കാരോടും സംഘാടകരോടുമുള്ള സാമീപ്യം നഷ്ടപ്പെട്ടുപോകുമോ എന്ന് ലേഖകര്‍ക്കുള്ള ആശങ്കയാണ് ഇതിന് ഒരു കാരണം. കളിയുടെ നാനാവശങ്ങളെക്കുറിച്ചുമുള്ള അറിവ് തനിക്ക് വേണ്ടത്രയുണ്ടോ എന്ന് സ്വയം സംശയിക്കുന്നതു മൂലമുള്ള ആത്മവിശ്വാസക്കുറവും ഇതിന് കാരണമാണ്. കളിയെക്കുറിച്ച് വേണ്ടത്ര ധാരണയുണ്ടെങ്കിലല്ലേ ധൈര്യത്തോടെ അഭിപ്രായം പറയാനാവൂ? 'ഹള്‍ഷോഫ് കളിച്ചിരുന്നെങ്കില്‍ ഡച്ചുകാര്‍ പാട്ടുംപാടി ജയിക്കുമായിരുന്നു.'(had Hulshof played the dutch would have won hands down) എന്ന് 74 ലെ ലോകകപ്പ് ഫൈനലിനെക്കുറിച്ച് പറയുന്നിടത്ത് ബ്രയന്‍ ഗ്ലാന്‍വില്‍ എഴുതുകയുണ്ടായി.ഒരു കളിക്കാരന്റെ അഭാവം കളിയുടെ വിധിനിര്‍ണയിച്ചതിന്റെ പശ്ചാത്തലമായി ഒറ്റ വാചകത്തില്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രം കളിയെ വിലയിരുത്തുന്നതിലുള്ള ആത്മവിശ്വാസം ശ്രദ്ധിക്കേണ്ടതുതന്നെയാണ്. ഇതു പോലെ തന്റെ ബോധ്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചുരുന്നയാളായിരുന്നു വിംസിയും. പ്രതിരോധത്തെക്കുറിച്ച് അധികം ആകുലപ്പെടാതെ വാക്കുകളെ ആക്രമണത്തിന് നിയോഗിച്ച എഴുത്തുകാരനായിരുന്നു വിംസി. അദ്ദേഹത്തിന്റെ ഡിഫന്‍സില്‍ അതു മൂലം ചിലപ്പോള്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാമെങ്കിലും ആക്രമണത്തിന്റെ ഊക്കു കൊണ്ട് ആകുറവ് അദ്ദേഹം നികത്തി. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാക്കുകളെ അസ്ത്രങ്ങളായും ചാട്ടുളികളായും അദ്ദേഹം കണ്ടു. കോഴിക്കോട്ട് സന്തോഷ് ട്രോഫി നടക്കുന്നതിനിടെ വിമര്‍ശനത്തിന്റെ പേരില്‍ ഒരു കേരള കളിക്കാരന്‍ അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കാന്‍ മുതിര്‍ന്നു. പൊസിഷന്‍ മാറിക്കളിച്ചതിന്റെ പേരില്‍ ഒളിംപ്യന്‍ റഹ്മാനെ അദ്ദേഹം വിമര്‍ശിച്ചതായി കേട്ടിട്ടുണ്ട്.
കേരളത്തില്‍ ഒരു കാലത്ത് അങ്ങോളമിങ്ങോളം നടന്നിരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നിലച്ചുപോയതില്‍ ഏറെ ദുഃഖിതനായിരുന്നു അദ്ദേഹം.ഇതേക്കുറിച്ച് അദ്ദേഹം ഒട്ടൊന്നുമല്ല എഴുതിയിട്ടുള്ളത്.ഫുട്‌ബോള്‍ കേരളത്തില്‍ ക്ഷീണിച്ചതിന്റെ കാരണം ഇതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗ്രൗണ്ടുകള്‍ ഇല്ലാതായിപ്പോകുന്നതിനെക്കുറിച്ചും അദ്ദേഹം വേവലാതി പൂണ്ടു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനം കളികള്‍ക്കായി നിലനിര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം പണിതീരാതെ കിടന്നിരുന്ന ഒരു കാലത്ത് അതിന്റെ പിറകിലുള്ള അനാസ്ഥയെക്കുറിച്ച് അദ്ദേഹം വാചാലനായി. പി.ടി.ഉഷക്ക് അമേരിക്കയില്‍ പരിശീലനം നടത്താനുള്ള അവസരം നഷ്ടപ്പെടുത്തിയത് അവരുടെ കോച്ച് ഒ.എം. നമ്പ്യാരുടെ നിലപാട് ആയിരുന്നുവെന്ന് അദ്ദേഹം കരുതി. അവിടെ പരിശീലനം ലഭിച്ചിരുന്നുവെങ്കില്‍ ഉഷക്ക് മെഡല്‍ പോയ്‌പോകില്ലായിരുന്നുവെന്ന് അദ്ദേഹം വാദിച്ചു. ഇതിന്റെ പേരില്‍ നമ്പ്യാരെ അദ്ദേഹം തന്റെ പംക്തികളിലൂടെ ആക്രമിച്ചു. ഈ വാദപ്രതിവാദത്തിനിടയില്‍ അദ്ദേഹം തന്റെ ഒരു ലേഖനത്തിന് കൊടുത്ത തലക്കെട്ട് ഇതായിരുന്നു.'ദ്രോണാചാര്യര്‍ പിന്തിരിഞ്ഞോടുന്നു'. മികച്ച പരിശീലകന്നുള്ള ദ്രോണാചാര്യ അവാര്‍ഡ് അപ്പോള്‍ നമ്പ്യാര്‍ക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. നിലപാടുകളാലും വാക്കുകളാലും അദ്ദേഹം മറുപക്ഷത്തെ ആക്രമിച്ചു. ഭാഷ അദ്ദേഹത്തിന് ചിന്തകളുടെ വാഹനം മാത്രമായിരുന്നില്ല, യുദ്ധോപകരണം കൂടിയായിരുന്നു.
വിദേശങ്ങളിലെയും ഇന്ത്യക്ക് അകത്തു തന്നെയുമുള്ള സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ക്ക് ദേശീയ ഭാഷാപത്രങ്ങള്‍ക്ക് വാര്‍ത്താ ഏജന്‍സികളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂ. ഏജന്‍സികളുടെ ഒരേ തരത്തിലുള്ള വിവരണങ്ങളെ അദ്ദേഹം പുനഃസൃഷ്ടിക്കുകയായിരുന്നു, തര്‍ജുമ ചെയ്യുകയായിരുന്നില്ല. ഇത്തരം വാര്‍ത്തകളെ തന്റെ അനുഭവജ്ഞാനവും വായിച്ചറിവും കേട്ടറിവും വെച്ചു കൊണ്ട് തന്റെ പത്രത്തിന്റെ വാര്‍ത്തയാക്കി പുനഃസൃഷ്ടിച്ചു. വി.കെ.എന്‍. പ്രശംസിച്ച 'പന്ത് ചെത്തിയിട്ടു ' ഇങ്ങനെ ഉണ്ടായതാണ്.ഗോളിന് ഭീഷണിയുയര്‍ത്തിക്കൊണ്ട് ഇരമ്പിപ്പോകുന്ന അടികളെ അദ്ദേഹം പന്ത് മൂളിപ്പറന്നു എന്ന് വിശേഷിപ്പിച്ചു. ടാന്‍ക്രെഡി എന്ന ഒരു ഗോളിയുടെ അഭ്യാസത്തെ അദ്ദേഹം വര്‍ണിച്ചത് 'കുത്തിമറിയുന്ന ടാന്‍ക്രെഡി 'എന്നായിരുന്നു.ഇതിന്റെ ഇംഗ്ലീഷ് വാക്ക് ഏതായിരുന്നാലും വായുവില്‍ പറന്നുയര്‍ന്ന് നിലത്തുരുണ്ട് വീണ് പന്തു പിടിക്കുന്ന ഗോളിയെ മലയാള പത്രവായനക്കാര്‍ ആ വാക്കു കളില്‍ കണ്ടു. ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നിട്ടും ഇംഗ്ലീഷിനെ അദ്ദേഹം കൈയില്‍ കൊണ്ടുനടന്നിരുന്നു. അദ്ദേഹം ആ ഭാഷയിലും എഴുതിയിരുന്നു, അത്യാവശ്യം. കോഴിക്കോട് നഗരത്തിലെ സംഭവങ്ങളെ നോക്കിക്കണ്ടിരുന്ന 'മാനാഞ്ചിറക്ക് ചുറ്റും 'എന്ന പംക്തിയിലൂടെ അദ്ദേഹം വാക്കുകള്‍ ആഞ്ഞുവീശി, പരിഹാസം ചൊരിഞ്ഞു. 'മിസ്റ്റര്‍ വൈസ്ചാന്‍സലര്‍ ഐ.എ.എസ്' തുടങ്ങിയ തലക്കെട്ടുകളിലൂടെ ചിലരുടെ സേവനങ്ങളെ എടുത്തുകാട്ടുകയും ചെയ്തു. രാഷ്ട്രീയ വിഷയങ്ങള്‍ അപൂര്‍വമായി കൈകാര്യം ചെയ്തപ്പോളും അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമായി അവതരിപ്പിച്ചു. അവ്യക്തത, നിശ്ചയമില്ലായ്മ എന്നിവ അദ്ദേഹത്തില്‍ ആരോപിക്കാനേ കഴിയുമായിരുന്നില്ല. സ്‌പോര്‍ട്‌സ് ലേഖകനായി അദ്ദേഹം അറിയപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന മണ്ഡലത്തിലെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ അത്.
കൈയില്‍ സിഗററ്റുമായി ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം എണ്‍പതുകളിലെ ഒരു വാര്‍ത്താമുറിയിലേക്കും അക്കാലത്ത് നിലനിന്നിരുന്ന തൊഴില്‍ സംസ്‌കാരത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. പത്രപ്രവര്‍ത്തനം വെറും തൊഴിലല്ലാതിരുന്ന കാലത്തിന്റെ പ്രതിനിധിയായിരുന്നു വിംസി. വാക്കുകളെ ഉപചാരപൂര്‍വം പരിചരിച്ചു പോന്നിരുന്ന ഒരു കാലത്തിന്റെ പ്രതിനിധി. വാക്കാണ് സര്‍വ്വവും എന്നു കരുതിയ ഒരാള്‍. ത്രഷ് എന്ന കൊച്ചു പക്ഷികളെക്കുറിച്ച് കവി എഴുതിയത് വിംസിക്കും ബാധകമാണ്. പക്ഷിയുടെ ശാരീരിക മാനസിക നിലയെ 'more coiled steel than living ' എന്നാണ് പറഞിരിക്കുന്നത്. കുതിക്കാന്‍ വെമ്പിനില്‍ക്കുന്ന ഒരു കമ്പിച്ചുരുള്‍.
അതിന് തലച്ചൊറിച്ചലോ കാത്തുനില്‍ക്കലോ ഇല്ല. തന്റെ മാര്‍ഗങ്ങളെക്കുറിച്ചുള്ള സുനിശ്ചിതത്വം അതിന് അത്രക്കുണ്ട്. ടീമുകള്‍ വമ്പന്‍ മത്സരങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍ മനഃശ്ശാസ്ത്രജ്ഞന്‍മാര്‍ ഉരുവിടാന്‍ ചില മന്ത്രങ്ങള്‍ നല്‍കാറുള്ളതു പോലെ പത്രപ്രവര്‍ത്തനം തുടങ്ങിയ ഒരു കൂട്ടം ആളുകളോട് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.'no quarter given and none asked for'ദയയും മനുഷ്യത്വവും അദ്ദേഹത്തിന് ധാരാളമായി ഉണ്ടായിരുന്നുവെങ്കിലും അപ്പോള്‍ അദ്ദേഹം ആലോചിച്ചിരിക്കുക നടത്താന്‍ പോകുന്ന പോരാട്ടങ്ങളെക്കുറിച്ചായിരിക്കണം.
സി.പി.വിജയകൃഷ്ണന്‍
brilliant piece of writing, hatsoff to you, vijayakrishnan sir!!!!
Posted on: February 18, 2010, 6:22 am
kerala varma (Thrissur) writes...
VIMCEE dies and so have sports and genuine sports lovers in Kerala. Look at the condition of playing fields in Kerala schools and colleges; they have been neglected like the sports in Kerala.We find the sorry sight of P.T.Usha waving to the Republic day crowds aloft a lorry and the Sports Minister in a colourful Shamaina waves almost patronisingly to the passing vehicle in the march past. Mr.Minister what sports have you played except politics which you still play ? A pity !!!
Posted on: January 26, 2010, 5:49 am
Sulhaf (Trivandrum) writes...
Great tribute to VIMCEE.
Posted on: January 23, 2010, 2:43 am
jose (kottayam) writes...
really touching.unrevealed sides of a legend
jose changanasserry
Posted on: January 22, 2010, 10:50 am
-an old disciple of VIMSEY along with cp. (calicut) writes...
CP wrote exactly what i wanted to.but i will never be able to match this kind of beautiful language.WOW...its wonderful.
Posted on: January 22, 2010, 9:24 am
krishnakumar (clicut) writes...
Most fitting tribute to the master of sports writing... thank U Mr. Vijayakrishnan.
Posted on: January 22, 2010, 8:39 am
kumar chellappan (kochi) writes...
Very touching tributes.. I could see emotions in Vijayakrishnan's words. VIMCEE was simply GREAT.
Posted on: January 21, 2010, 5:09 am
Ravi Menon (Trivandrum) writes...
The best-ever tribute to a crusader, who ate, slept,lived and breathed sports
Posted on: January 19, 2010, 11:02 pm
Puthiyedath (Kochi) writes...
Viyayakrishnan, you have done very well. Probably this is the only one article I read about our Vimcy on his role different from that of a sports writer. Especially the narration about his insistence on pronunciations very touching and absolutely true. For a moment I thought I am in old news room at Calicut. Thank you
Posted on: January 18, 2010, 1:37 pm
P C Rathish (Kannur) writes...
Has not ever read a more heart touching report written about a senior colleague by anybody. Great tribute to a great sports writer
Posted on: January 17, 2010, 8:51 am