IST:


ഹോം   വെബ്‌സ്‌പെഷ്യല്‍  

മെല്‍ബണ്‍ പാര്‍ക്കില്‍ കാണുമോ ഒരു ഡാവിഡെങ്കോ മാജിക്ക്‌
Posted on: 13 Jan 2010




ഫെഡറര്‍, നദാല്‍-പതിവു പല്ലവികള്‍ക്കിടയില്‍ ഒരു റഷ്യക്കാരന്റെതാവുമോ ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. അല്ലെങ്കില്‍ തിരിച്ചുവരവിന്റെ രാജകുമാരിമാര്‍ക്കുള്ളതാണോ അത്. മെല്‍ബണ്‍ പാര്‍ക്കില്‍ ബ്രിസ്‌ബേന്‍-ഖത്തര്‍ മാജിക്ക് ആവര്‍ത്തിക്കുമോ? ടെന്നീസാരാധകരുടെ ബോറടി മാറ്റാന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അടുത്തെത്തി കഴിഞ്ഞു. ഇഷ്ടതാരത്തിനായി കൂട്ടിക്കിഴിക്കലുകള്‍ നടത്താം, വാദിക്കാം. അട്ടിമറിയുടെ സുഖമാസ്വദിക്കാം. ഒടുവില്‍ ആരുടെ വിജയവും നെഞ്ചേറ്റി യഥാര്‍ത്ഥ കളിയാസ്വാദകരാകാം.

ബ്രിസ്‌ബേനിലെയും ഖത്തറില്‍ നിന്നുമുള്ള വാര്‍ത്തകള്‍ക്ക് ആയുസുണ്ടെങ്കില്‍ ഒന്നുറപ്പിക്കാം, പതിവു പോലെയായിരിക്കില്ല മെല്‍ബണില്‍ കാര്യങ്ങള്‍. മുമ്പന്മാരുടെ വീഴ്ചയും പിന്‍പന്മാരുടെ കുതിപ്പും ഓസ്‌ട്രേലിയയെ ആവേശത്തിലാഴ്ത്തിയേക്കാം.

15 ഗ്രാന്റ്സ്ലാമെന്ന പീറ്റ് സാംപ്രസിന്റെ റെക്കോഡ് മറികടന്ന സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡററും നിലവിലെ ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും തന്നെയാണ് ആരാധകരുടെ ഫേവറിറ്റ്. എങ്കിലും നദാലിനെയും ഫെഡററെയും യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍ അര്‍ജന്റീനയുടെ മാര്‍ട്ടിന്‍ ദെല്‍ പെട്രോയേയും തോല്പിച്ച് ലോക എ.ടി.പി. ടൂര്‍ണമെന്റില്‍ വിജയിയായ റഷ്യയുടെ നിക്കോളായ് ഡാവിഡെങ്കോയ്ക്കും ബ്രിസ്‌ബേനില്‍ കിരീടം നേടിയ അമേരിക്കയുടെ ആന്‍ഡി റോഡിക്കിനും സെര്‍ബിയന്‍ 'തീപ്പൊരി' നൊവാക്ക് ദ്യോക്കോവിച്ചിനും പതിവു ഫലങ്ങള്‍ തിരുത്തിക്കുറിക്കാനാകുമെന്നാണ് ടെന്നീസ് സ്‌പെഷലിസ്റ്റുകള്‍ പറയുന്നത്.

കഴിഞ്ഞ ടെന്നീസ് സീസണ്‍ വിലയിരുത്തുമ്പോള്‍ പുരുഷ വിഭാഗത്തില്‍ 64 കിരീടങ്ങളില്‍ 34 ഉം പത്തു റാങ്കിനുള്ളിലുള്ളവര്‍ കൈയ്യടക്കിയിരിക്കുന്നു. നദാല്‍, ദ്യോക്കോവിച്ച്, ഡാവിഡെങ്കോ എന്നിവര്‍ അഞ്ച് കിരീടങ്ങള്‍ വീതം നേടിയപ്പോള്‍, നാല് കിരീടവുമായി ഫെഡറര്‍, മൂന്നു കിരീടവുമായി മാര്‍ട്ടിന്‍ ദെല്‍പെട്രോ, ജോ വില്‍ഫ്രഡ് സോംഗ എന്നിവര്‍ പിന്നാലെയുണ്ട്. കൂടുതല്‍ കിരീടങ്ങള്‍ നേടിയത് ബ്രിട്ടന്റെ ആന്‍ഡി മറേയാണ്; ആറെണ്ണം. ആന്‍ഡി റോഡിക്ക് രണ്ടും റോബിന്‍ സോഡര്‍ലിങ്ങ്, ഫെര്‍നാണ്ടോ വെര്‍ഡെസ്‌കോ എന്നിവര്‍ ഒരോന്നു വീതവും നേടി.

ഗ്രാന്റ്സ്ലാമുകളുടെ കാര്യമെടുത്താല്‍ പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാലും വനിതകളില്‍ സെറീനാ വില്യംസുമാണ് നിലവിലെ ജേതാക്കള്‍. ഫൈനലില്‍ ഫെഡററുടെ കടുത്ത ചെറുത്തുനില്‍പ്പിനിടെയാണ് നദാല്‍ കിരീടം നേടിയത്. എക്കാലത്തെയും നീണ്ട ഫൈനലുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച അഞ്ചുസെറ്റു നീണ്ട കളിയില്‍ 7-5, 3-6, 7-6, 3-6, 6-2 നായിരുന്നു നദാലിന്റെ വിജയം. വനിതകളില്‍ റഷ്യയുടെ ദിനാര സഫീനയാണ് ഫൈനലിലെത്തിയത്.

ഫ്രഞ്ച് ഓപ്പണിന് ഫെഡററുടെ 14-ാം ഗ്രാന്റ്സ്ലാം കിരീടം, റൊളാങ്ഗാരോയില്‍ ആദ്യത്തേത് എന്നീ പ്രത്യേകതകളുണ്ടായിരുന്നു. നദാലിനെ തോല്പിച്ച് ഫൈനല്‍ വരെയെത്തിയ സോഡര്‍ലിങ്ങിന്റെ കുതിപ്പും വിസ്മരിച്ചുകൂടാ. വില്യംസ് സാന്നിധ്യമില്ലാത്ത ഫൈനലില്‍ റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നെട്‌സോവ നാട്ടുകാരിയായ ദിനാരാ സഫീനയെ തോല്പിച്ചു.

പുതുജേതാക്കള്‍ പിറക്കാതിരുന്ന വിംബിള്‍ഡണില്‍ ഫെഡറര്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി ആന്‍ഡി റോഡിക്ക് അഞ്ച് സെറ്റ് പൊരുതിയെങ്കിലും വിംബിള്‍ഡണും, 15-ാം ഗ്രാന്റ്സ്ലാമും സ്വിസ് മാസ്റ്റര്‍ക്ക് സ്വന്തമായി. വനിതകളില്‍ വില്യംസ് സഹോദരിമാരുടെ ഫൈനലില്‍ പതിവുപോലെ അനിയത്തി സെറീന ജയിച്ചപ്പോള്‍ വീനസ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. പതിവു തെറ്റിയത് യു.എസ്. ഓപ്പണിലാണ്. പുരുഷ ഫൈനലില്‍ സ്വിസ് മാസ്റ്ററെ തോല്പിച്ച മാര്‍ട്ടിന്‍ ദെല്‍പേട്രോ ആദ്യ ഗ്രാന്റ്സ്ലാം കിരീടം നേടി. വനിതകളുടെ ഫൈനലും വ്യത്യസ്തമായി. കളി മതിയാക്കിപ്പോയ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സ് തിരിച്ചുവരവില്‍ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കിയെ തോല്പിച്ച് കിരീടം നേടി.

ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യക്കാര്‍ കേട്ടത് നല്ല വാര്‍ത്തകളാണ്. ലിയാഡര്‍ പേസോ മഹേഷ് ഭൂപതിയോ രണ്ടിലൊരാള്‍ ഗ്രാന്റ്സ്ലാം ഫൈനലുകളില്‍ മാറിമാറി കളിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബഹാമസിന്റെ മാര്‍ക്ക് നോള്‍സിനൊപ്പം ഫൈനലിലെത്തിയ ഭൂപതി സാനിയക്കൊപ്പം മിക്‌സഡ് ഡബിള്‍സ് കിരീടവും നേടി. ഫ്രഞ്ച് ഓപ്പണില്‍ പേസ്-ലൂക്കോസ് ളൗഹി സഖ്യത്തിനായിരുന്നു കിരീടം. വിംബിള്‍ഡണില്‍ കാരാ ബ്ലാക്കിനൊപ്പം മിക്‌സഡ് ഡബിള്‍സ് ഫൈനലിലും പേസ് കളിച്ചു. യു.എസ്. ഓപ്പണില്‍ ഭൂപതി-നോള്‍സ് സഖ്യം, പേസ്-ളൗഹി സഖ്യവുമായി ഏറ്റുമുട്ടിയപ്പോള്‍ ജയം പേസ് സഖ്യത്തിനൊപ്പം നിന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മുന്നൊരുക്ക ടൂര്‍ണമെന്റുകളില്‍ ബ്രിസ്‌ബേനില്‍ ആന്‍ഡി റോഡിക്കും, വനിതാ വിഭാഗത്തില്‍ കിംക്ലൈസ്റ്റേഴ്‌സും ജേതാക്കളായി. തിരിച്ചുവരവിന്റെ രാജകുമാരിമാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ നാട്ടുകാരിയും ഏഴുതവണ ഗ്രാന്റ്സ്ലാം ജേതാവുമായ ജസ്റ്റിന്‍ ഹെനിനെയാണ് ക്ലൈസ്റ്റേഴ്‌സ് തോല്പിച്ചത്. ഖത്തര്‍ ഓപ്പണില്‍ സെമിയില്‍ റോജര്‍ ഫെഡറര്‍, ഫൈനലില്‍ നദാല്‍ എന്നിവരെ തോല്പിച്ച നിക്കോളായ് ഡാവിഡെങ്കോ മെല്‍ബണില്‍ മുന്‍നിരക്കാര്‍ക്ക് ഭീഷണിയാകുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ ഷാങ്ഹായി മാസ്‌റ്റേഴ്‌സിലും നദാലിനെ തോല്പിച്ച ഡാവിഡെങ്കോയ്ക്കായിരുന്നു കിരീടം.

എ.ടി.പി. പാരീസ് മാസ്റ്റേഴ്‌സിലും ചൈന ഓപ്പണിലും കിരീടം നേടിയ നൊവാക്ക് ജോക്കോവിച്ചും വെല്ലുവിളിയാകും.

വനിതകളില്‍ നിലവിലെ ജേതാവ് സെറീനാ വില്യംസാണ് ഹോട്ട് ഫേവറിറ്റെങ്കിലും ഒരു ബെല്‍ജിയന്‍ ഫൈനല്‍ പ്രതീക്ഷിക്കുന്നവരും കുറവല്ല. തിരിച്ചുവരവിനുശേഷം യു.എസ്. ഓപ്പണ്‍ നേടിയ കിം ക്ലൈസ്റ്റേഴ്‌സ് തിരിച്ചുവരവിനുശേഷമുള്ള ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ഫൈനല്‍ കളിച്ച ജസ്റ്റിന്‍ ഹെനിന്‍ എന്നിവരാണ് ബെറ്റിങ്ങ് റേറ്റിങ്ങില്‍ മുമ്പില്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മെല്‍ബണില്‍ മത്സരിക്കുന്ന ഹെനിന്‍ പരിക്കുകളുടെ പിടിയിലാണെങ്കിലും, വില്യംസുമാരുടെ പവര്‍ ഗെയിമിനെ പേടിയില്ലാത്ത അവര്‍ എട്ടാം ഗ്രാന്റ്സ്ലാമില്‍ നിന്ന് ഏറെ അകലെയല്ലെന്നാണ് ടെന്നീസ് സ്‌പെഷലിസ്റ്റുകള്‍ കരുതുന്നത്.

ആതിഥേയ പ്രതീക്ഷയായ ലെയ്ട്ടണ്‍ ഹെവിറ്റ് ക്വാര്‍ട്ടര്‍ വരെയെങ്കിലുമെത്തുമെന്നാണ് കരുതുന്നത്. വനിതകളില്‍ ആലിഷാ മോളിക്കിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയിട്ടുണ്ട്. കൗമാരതാരം ഒളിവിയ റോഗോവസ്‌ക, ഡേവിസ്‌കപ്പ് താരം കാസ്റ്റണ്‍ ബോള്‍, ജൂനിയര്‍ ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ ബെര്‍ണാഡ് ടോമിക്ക്, ക്വീന്‍സ് ലാന്‍ഡില്‍ നിന്നുള്ള ഓസ്‌ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ ജാസണ്‍ കുംബ്ലര്‍ എന്നിവര്‍ക്കും വൈല്‍ഡ് കാര്‍ഡിലൂടെ അവസരം നല്‍കിയിട്ടുണ്ട്.

ഇതൊന്നുമല്ലാതെ ചിലിയുടെ ഫെര്‍ണാണ്ടോ ഗോണ്‍സാലസ്, ക്രൊയേഷ്യയുടെ മരിയന്‍ സിലിക്ക്, വില്‍ഫ്രഡ് സോംഗ, ഫെര്‍ണാണ്ടോ വെര്‍ഡാസ്‌ക്കോ തുടങ്ങിയവരും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചൂടുപിടിപ്പിക്കാന്‍ മുമ്പിലുണ്ടാകും.

അതേസമയം എ.ടി.പി. ടൂര്‍ണമെന്റുകളിലെ ഫലങ്ങള്‍ നോക്കി വിലയിരുത്തുന്നതിനെതിരെ മറുവാദവുമുണ്ട്. മൂന്നു സെറ്റുകള്‍ മാത്രം കളിക്കുന്ന ടൂര്‍ണമെന്റുകളല്ല ഗ്രാന്റ്സ്ലാമെന്നതും മെല്‍ബണ്‍ പാര്‍ക്കില്‍ കളി വേറെയാണെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. അതൊരു പരിധി വരെ ശരിയാണു താനും. അഞ്ചു സെറ്റു നീണ്ട കായിക ക്ഷമത വളരെയേറെ വേണ്ട ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ നദാല്‍, ഫെഡറര്‍ തുടങ്ങിയവര്‍ക്ക് മേധാവിത്വമില്ലെന്നു പറയാതിരിക്കാന്‍ വയ്യ.





SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.