IST:


ഹോം   വെബ്‌സ്‌പെഷ്യല്‍  

'ഗോള്‍' മറക്കുന്ന വിവ
Posted on: 18 Nov 2009


More Photos
എതിര്‍ ടീമിന്റെ ആരാധകരുടെ കൈയടി വാങ്ങുംവിധം തകര്‍ത്തു കളിക്കുക എതിരാളിയെ കളിയുടെ എല്ലാ മേഖലകളിലും നിഷ്പ്രഭമാക്കുക. പക്ഷേ, അന്തിമഫലത്തില്‍ പരാജയം ബാക്കിയാവുക. ഐ ലീഗില്‍ വിരോധാഭാസമായ രീതിയിലാണ് കേരളത്തിന്റെ ഏക പ്രതീക്ഷയായ
വിവാ കേരളയുടെ പ്രകടനം. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ടീം മികച്ച പ്രകടനം നടത്തി. പക്ഷേ, അഞ്ചിലും തോറ്റു. ഫെഡറേഷന്‍ കപ്പിനു വേണ്ടിയുള്ള ഐ ലീഗിന്റെ അവധികാലത്ത് നാല് പോയിന്റോടെ പട്ടികയില്‍ അവസാനക്കാരാണ് വിവ. മികച്ച കളിയെക്കാള്‍ തട്ടിക്കൂട്ട് ജയങ്ങള്‍ പോലും നിലനില്‍പ്പിന്റെ ഘടകങ്ങളാകുന്ന ഐ ലീഗ് ഫുട്‌ബോളിന്റെ അവസാന ബാലന്‍സ് ഷീറ്റില്‍ നിലനില്‍ക്കുന്ന ടീമുകളില്‍ വിവ കേരള ഉണ്ടാകുമോയെന്നാണ് കായിക പ്രേമികള്‍ നെഞ്ചുരുക്കത്തോടെ ഉറ്റുനോക്കുന്നത്.

ഐ ലീഗ് ടേബിളില്‍ ഇപ്പോള്‍ ആദ്യസ്ഥാനക്കാരായ ചര്‍ച്ചില്‍ മുതല്‍ ആറാം സ്ഥാനക്കാരായ മോഹന്‍ബഗാന്‍ വരെ വിവയുടെ കളിമികവ് അറിഞ്ഞവരാണ്. ചര്‍ച്ചിലിനെ സ്വന്തം തട്ടകത്തില്‍ നിഷ്പ്രഭമാക്കിയ പ്രകടനത്തിനൊടുവില്‍ ചര്‍ച്ചില്‍ സഹോദരനായ അലിമാവോ ഡ്രസിങ് റൂമിലെത്തി വിവാകേരള ടീം അംഗങ്ങളെ അഭിനന്ദിച്ചു. കൊല്‍ക്കത്തയിലും, മുംബൈയിലും കോഴിക്കോട്ടും സ്ഥിതി വ്യത്യസ്ഥമല്ല. വിവ കളിക്കുന്നു എതിരാളികള്‍ ജയിക്കുന്നു. ഇതിനപവാദം സ്വന്തം തട്ടകത്തില്‍ സ്‌പോര്‍ട്ടിങ് ഗോവയെ തോല്‍പ്പിച്ചത് മാത്രം. ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഡെംപോ, ഈസ്റ്റ്ബംഗാള്‍, മോഹന്‍ബഗാന്‍, ചിരാഗ് യുണൈറ്റഡ്, ടീമുകളോടാണ് ഐ ലീഗില്‍ വിവ തോല്‍വിയറിഞ്ഞത്. സ്‌പോര്‍ട്ടിങ് ഗോവയെ കീഴടക്കി. മഹീന്ദ്രയെ സമനിലയില്‍ തളച്ചു. സാല്‍ഗോക്കറുമായുള്ള മത്സരം മഴമൂലം നടന്നില്ല. ഏഴ് കളികളില്‍ നിന്ന് നാല് പോയിന്റ് . ആറ് ഗോള്‍ അടിച്ചപ്പോള്‍ 12 ഗോള്‍ തിരികെ വാങ്ങി. മൂന്ന് കളികളില്‍ വിവാ താരങ്ങള്‍ മാന്‍ ഓഫ് ദി മാച്ചായി. ഇതാണ് ഐ ലീഗിലെ വിവാ കേരളയുടെ പ്രകടനത്തിന്റെ ചുരുക്കം.

പ്രഥമ ഐ ലീഗില്‍ വിവക്ക് സംഭവിച്ച അതേ അബദ്ധം മൂന്നാം ലീഗിലും അവരെ വേട്ടയാടുകയാണ്. ഗോളടിക്കാന്‍ കഴിയാത്ത മുന്നേറ്റനിരയാണ് ആദ്യ ഐ ലീഗില്‍ വിവയുടെ കുഴി തോണ്ടിയതെങ്കില്‍ നടപ്പുലീഗിലും ഇതേ ശാപം വിവയെ പിന്തുടരുന്നു. ലീഗിലെ നാലാമത്തെ മത്സരത്തിലാണ് വിവക്ക് ഗോള്‍ അകൗണ്ട് തുറക്കാനായത് എന്ന വസ്തുതയില്‍ നിന്നുതന്നെ കാര്യങ്ങളുടെ പോക്ക് പിടികിട്ടും. മുന്നേറ്റനിരയില്‍ അധ്വാനിച്ച് കളിക്കുന്നുണ്ടെങ്കിലും റൂബന്‍ സാനിയോയെന്ന ഘാനക്കാരന്‍ മികച്ച ഗോളടിക്കാരനല്ല. റൂബന്‍ പറ്റിയ പങ്കാളി മുന്‍നിരയില്‍ വേറെയില്ലതാനും. തായ്‌ലാന്‍ഡില്‍ നിന്നും റിക്രൂട്ട് ചെയത് വിസൂത് ബ്ലൂപെങ്ങും, ഷിബിന്‍ലാലും അനീഷുമൊക്കെ പരാജയം. മികച്ച സ്‌ട്രൈക്കറായ സബിത്ത് പരിക്കിന്റെ പടിയിലായത് ടീമിന് തിരിച്ചടിയായി. ജനവരിയില്‍ ജെ.സി.ടി.ക്കെതിരായ മത്സരത്തിനു മുമ്പ് സബിത്ത് തിരികെയെത്തുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

മികച്ച മധ്യനിരയും പ്രതിരോധവുമാണ് വിവയുടെ കളിമികവിന്റെ അടിസ്ഥാനഘടകങ്ങള്‍. പരിചയം കുറഞ്ഞവരെങ്കിലും സക്കീറും രാഹുലും സിറാജുദ്ദീനും കര്‍മ്മയുമൊക്കെ മികച്ചു കളിക്കുന്നു. ആകെയുള്ള ദൗര്‍ബല്യം ടീമംഗങ്ങളുടെ പരിചയമില്ലാത്തതാണ്. ടീമിന്റെ പ്‌ളേമേക്കറുടെ റോളിലേക്ക് വരാന്‍ ഇതുമൂലം ഇവര്‍ക്കാര്‍ക്കും കഴിയുന്നില്ല. ഇത് പലപ്പോഴും ടീമിന് പ്രശ്‌നം സൃഷ്ടിക്കുന്നു. ലീഗില്‍ ഇതുവരെ മികച്ചു കളിച്ച നായകന്‍ സക്കീര്‍ വന്‍കിട ക്ലബ്ബുകളുടെ നോട്ടപുള്ളിയായിട്ടുണ്ട്.

ലീഗിലെ മറ്റു ടീമുകളുടെ കരുത്താര്‍ന്ന മുന്നേറ്റനിരയെ കൂച്ചുവിലങ്ങിട്ടു നിര്‍ത്താന്‍ പര്യാപ്തമാണ് വിവാ പ്രതിരോധം. പരിശീലകന്‍ എ.എം.ശ്രീധരന് തലവേദനയില്ലാത്ത ഏക മേഖലയും പ്രതിരോധമാണ്. ഏറെകാലമായി ഇന്ത്യന്‍ ഫുട്‌ബോളില്‍ വിഹരിക്കുന്ന നൈജീരിയക്കാരന്‍ ബല്ലോ റസാഖും ഘാനക്കാരന്‍ ചാള്‍സ് സിസെയും പിഴവുകള്‍ വരുത്തുന്നില്ല. ഒപ്പം യുവതാരങ്ങളായ സുര്‍ജിത്തും മര്‍സൂക്കും നൗഷാദും ആവുംവിധം പൊരുതുന്നുണ്ട്.

ഗോള്‍കീപ്പിങ് വിവയുടെ പുതിയ തലവേദനയാണ് മൂന്ന് മത്സരങ്ങളില്‍ വിവയുടെ വിധിയെഴുതിയത്. മോശം ഗോള്‍കീപ്പിങ്ങാണ്. ശരത്തും ഷഹിന്‍ലാലും മികച്ച ഗോള്‍ കീപ്പര്‍മാരാണെങ്കിലും നിര്‍ണായക സമയങ്ങളില്‍ അബദ്ധം വരുത്തുന്നത് തുടര്‍ക്കഥയാകുന്നു. ഗോളിയുടെ അബദ്ധമാണ് മൂന്ന് കളികളില്‍ വിവയെ തോല്‍പ്പിച്ചത്.

ഐ ലീഗിലെ പാവപ്പെട്ടവരുടെ ടീമാണ് വിവ. രണ്ട് കോടിയാണ് ബഡ്ജറ്റ് അതായത് കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സ് അവരുടെ മുന്നേറ്റ നിരക്ക് മാത്രം മുടക്കിയ തുക. ടീമിലെ പരിചയസമ്പന്നന്‍ ബിമല്‍ ബറൂവയും ഗോളി ശരത്തും മാത്രം ബാക്കിയുള്ളവര്‍ മിക്കവാറും ഇതിന് മുമ്പ് യൂണിവേഴ്‌സിറ്റി ടീമില്‍ കളിച്ചവര്‍. എന്നാല്‍ പരിശീലകന്‍ എ.എം ശ്രീധരന്റെ ചിട്ടയാര്‍ന്ന പരിശീലനവും കര്‍ക്കശമായ അച്ചടക്കവും തന്ത്രങ്ങളുമാണ് ടീമിനെ നിലനിര്‍ത്തുന്നത്. എന്നാല്‍, മികച്ച രീതിയില്‍ കളിക്കുകയും ദൗര്‍ഭാഗ്യകരമായി തോല്‍ക്കുകയും ചെയ്യുന്ന ടീമായി വിവമാറുമ്പോള്‍ പരിശീലകനും ഉത്തരംമുട്ടുന്നു.

അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞ ഒരു 'ഔട്ട് സ്റ്റാന്‍ഡിങ്' സ്‌ട്രൈക്കര്‍ മാത്രം മതി വിവക്ക് ഐ ലീഗില്‍ നിലനില്‍ക്കാന്‍. കോഴിക്കോട് വിവയുടെ മൂന്ന് ഹോം മത്സരങ്ങള്‍ കണ്ട ആയിരക്കണക്കിന് ആരാധകര്‍ ഇക്കാര്യം ശരിവെക്കും. എതിര്‍ ഗോള്‍പോസ്റ്റ് വരെ മികച്ച രീതിയില്‍ മുന്നേറി ഗോള്‍മുഖത്ത് പതറുന്ന വിവാപോരാളികളെ ഇതിനകം ഏറെ തവണ അവര്‍ കണ്ടു കഴിഞ്ഞു. ആവശ്യമുള്ളതിലുമധികം ആരവം ഉയര്‍ത്തി വിവാ സ്‌ട്രൈക്കര്‍മാരെ കാണികള്‍ പ്രോത്‌സാഹിപ്പിക്കുന്നുണ്ട്. പക്ഷേ ഗോളടിക്കാതെ എങ്ങനെ ജയിക്കും.

വിവയുടെ സാധ്യതകള്‍ ഐ ലീഗില്‍ അവസാനിച്ചിടൊന്നുമില്ല. ഇപ്പോഴത്തെ വിവയുടെ കളി അവരെ ആരും പേടിപ്പിക്കുന്ന എതിരാളികളായി വളര്‍ത്തിയിട്ടുണ്ട്. ജനവരി മുതല്‍ തന്റെ ടീം ജയിച്ചു തുടങ്ങുമെന്നാണ് പരിശീലകന്‍ അവകാശപ്പെടുന്നത്. 'ഗോള്‍' മറക്കാതെ ജയിച്ചു തുടങ്ങിയാല്‍ അടുത്ത സീസണിലും വിവയെ അടുത്ത സീസണിലും കാണാം. അല്ലെങ്കില്‍ തകര്‍ന്നു പോയ ഫുട്‌ബോള്‍ ടീമുകള്‍ ഒരു പാടുള്ള നമ്മുടെ നാട്ടില്‍ ആ പട്ടികയിലേക്ക് ഒന്നുകൂടി ചേരും. അടുത്ത തലമുറ പറയും പണ്ട് ഐ ലീഗില്‍ വിവ എന്നൊരു ടീം കോഴിക്കോട് കളിച്ചിരുന്നെന്ന്.

SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.