IST:


ഹോം   വാര്‍ത്തകള്‍  

കോമണ്‍വെല്‍ത്ത് ഗെയിംസ് 2010:ബാറ്റണ്‍ പ്രയാണം തുടങ്ങി

ലണ്ടന്‍: കോണ്‍വെല്‍ത്ത് ഗെയിംസിന്റെ കേളികൊട്ടുമായി ബാറ്റണ്‍ റിലേക്ക് തുടക്കം. ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരമുറ്റത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍, എലിസബത്ത് രാജ്ഞിയില്‍നിന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ബാറ്റണ്‍ ഏറ്റുവാങ്ങി. ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ വായിക്കാനുള്ള തന്റെ സന്ദേശം സ്വര്‍ണത്തകിടില്‍ ആലേഖനം ചെയ്ത് നിക്ഷേപിച്ച ശേഷമാണ് രാജ്ഞി ബാറ്റണ്‍ കൈമാറിയത്. 340ദിവസങ്ങള്‍ ലോകപര്യടനം നടത്തിയശേഷമാകും ബാറ്റണ്‍ ഗെയിംസ് വേദിയില്‍ എത്തിച്ചേരുക. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ അധ്യക്ഷന്‍ മൈക്കല്‍ ഫെന്നലാണ് രാജ്ഞിക്ക് ബാറ്റണ്‍ നല്‍കിയത്.രാഷ്ട്രപതിയില്‍നിന്ന് കേന്ദ്ര കായികമന്ത്രി എം.എസ്. ഗില്‍ ഏറ്റുവാങ്ങിയ ബാറ്റണ്‍ അദ്ദേഹം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയും സംഘാടക സമിതിയുടെയും അധ്യക്ഷനായ സുരേഷ് കല്‍മാഡിക്ക് കൈമാറി. ഇന്ത്യയുടെ ആദ്യ ഒളിമ്പിക് വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് കല്‍മാഡി ബാറ്റണ്‍
ഏല്‍പ്പിച്ചുകൊടുത്തതോടെ പ്രയാണത്തിന് തുടക്കമായി.

ആദ്യദിനം വിക്ടോറിയ മെമ്മോറിയലിലാണ് ബാറ്റണ്‍ ചുറ്റിസഞ്ചരിച്ചത്. പ്രയാണത്തിന് തുടക്കമിട്ട ബിന്ദ്ര പിന്നീട് ബാറ്റണ്‍ 2012 ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി ചെയര്‍മാനും മുന്‍ അത്‌ലറ്റുമായ സെബാസ്റ്റ്യന്‍ കോയെ ഏല്‍പ്പിച്ചു. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവ്, ടെന്നീസ് താരം സാനിയ മിര്‍സ, കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സിലെ ആദ്യ ഇന്ത്യന്‍ മെഡല്‍ ജേതാവ് മില്‍ഖ സിങ്, ബ്രിട്ടീഷ് ഒളിമ്പിക് ചാമ്പ്യനും കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ അധ്യക്ഷയുമായ കെല്ലി ഹോംസ്, ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍, ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബോക്‌സര്‍ വിജേന്ദര്‍ കുമാര്‍, ഗുസ്തിതാരം സുശീല്‍ കുമാര്‍, വെയ്റ്റ്‌ലിഫ്റ്റര്‍ കര്‍ണം മല്ലേശ്വരി, ഹോക്കി താരം ദിലീപ് ടിര്‍ക്കി, ഒളിമ്പ്യന്‍ ഗുര്‍ബച്ചന്‍ സിങ് രണ്‍ധാവ എന്നിവരാണ് ആദ്യദിനം ബാറ്റണ്‍ റിലേയില്‍ പങ്കെടുത്തത്.
SocialTwist Tell-a-Friend

Other stories in this section:


 

© Copyright 2009. Mathrubhumi. All rights reserved.