ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ലോകഗ്രൂപ്പിലെ സീഡിങ്ങില്ലാത്ത എട്ട് ടീമുകള്‍ക്കൊപ്പമാണ് അടുത്ത സീസണില്‍ ഇന്ത്യ കളിക്കുക. തിങ്കളാഴ്ച പുറത്തിറക്കിയ സീഡിങ് ലിസ്റ്റ് പ്രകാരം, ഇന്ത്യ, ബെല്‍ജിയം, ചിലി, ഇക്വഡോര്‍, ഫ്രാന്‍സ്, സെര്‍ബിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് സീഡിങ്ങില്ലാത്ത ടീമുകള്‍. 2010-ലെ ഡേവിസ് കപ്പ് മത്സരങ്ങളുടെ ഡ്രോ ബുധനാഴ്ച ജനീവയില്‍ പ്രഖ്യാപിക്കും.
ഡേവിസ് കപ്പ് ചട്ടമനുസരിച്ച് ഇക്കൊല്ലത്തെ ഫൈനലിസ്റ്റുകള്‍ക്കാണ് അടുത്ത സീസണില്‍ ഒന്നും രണ്ടും സീഡിങ് ലഭിക്കുക. ഏറ്റവുമൊടുവിലത്തെ
ഡേവിസ് കപ്പ് റാങ്കിങ് അനുസരിച്ചാണ് മൂന്നുമുതല്‍ എട്ടുവരെയുള്ള സീഡിങ് നല്‍കുക. പുതുതായി ലോകഗ്രൂപ്പിലെത്തിയ ടീമുകളുമായാണ് സീഡിങ്ങുള്ള ടീമുകള്‍ ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടുക.
നിലവിലെ ജേതാവ് സ്‌പെയിനാണ് ഒന്നാം സീഡ്. ചെക്ക് റിപ്പബ്ലിക് രണ്ടും. അമേരിക്ക, റഷ്യ, അര്‍ജന്റീന, ക്രൊയേഷ്യ, ഇസ്രായേല്‍, ജര്‍മനി എന്നിവയാണ് ശേഷിക്കുന്ന സീഡഡ് ടീമുകള്‍. ഇപ്പോഴത്തെ ഡേവിസ് കപ്പ് റാങ്കിങ് പ്രകാരം 11-ാം സ്ഥാനത്താണ് ഇന്ത്യ. റോജര്‍ ഫെഡറര്‍ നയിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് 12-ാം സ്ഥാനത്താണ്.